2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

കാലം സാക്ഷി


രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് ചോദിച്ചാല്‍ അത് പച്ച മീനാണ്. സ്വര്‍ണ കടയില്‍ കിട്ടില്ല എന്ന് പറയുന്നവരെ മലയാളത്തില്‍ നവോര്‍ത്ഥനക്കാര്‍ എന്ന് വിളിക്കാമോ എന്ന് അറിയില്ല. മറ്റു വഴിയില്ലാത്തത് കൊണ്ട് തല്‍കാലം അങ്ങിനെ വിളിക്കാം. രാഷ്ട്രീയത്തില്‍ ചില മൂല്യ വിചാരങ്ങള്‍ ഉണ്ടാവണമെന്ന് ചില അഭിനവ നവോര്താനക്കാര്‍ക്ക്  മനസ്സില്‍ പൂതിയുണ്ട്. അത്  ഇടയ്ക്കിടെ വിക്കി വിക്കി  പറയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അക്ഷരങ്ങളില്‍ ഒതുങ്ങി കിടക്കും. എട്ടിലെ പശു പുല്ലു പോയിട്ട് പിണ്ണാക്ക്  വെള്ളം പോലും കുടിക്കില്ല. അല്ലെങ്കിലും  രാഷ്ട്രീയ ഉത്സവ നാളില്‍ സ്വന്തമെന്ന പദത്തിനു എന്തര്‍ത്ഥം   സ്വന്തം എന്ന് കരുതുന്ന വരൊക്കെ  രാഷ്ട്രീയപാര്‍ട്ടിക്കാരുടെ കീശയിലും ചുമലിലും ആണ് താമസം. അവിടെ നിന്ന് ഇറങ്ങി വരാന്‍ പറഞ്ഞാല്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നവരാന് അധികപേരും. അപ്പോള്‍ പിന്നെ രാഷ്ട്രീയ നേതാക്കളുടെ, പാര്‍ട്ടികളുടെ   വെള്ളം കോരികളും വിറകു വെട്ടികളും ആവുക. അവര്‍ക്കുവേണ്ടി    ചോറ്റു പട്ടാളമായി സ്വയം മാറുക , ചാവേറായി അങ്ങാടിയില്‍ സ്വയം പൊട്ടിത്തെറിക്കുക. അതാണ് ഇപ്പോഴത്തെ ജിഹാദ്. ‌ 

ഇതെന്താ പുകില്!  നാല് ചായയും അതില്‍ രണ്ടു വിതൌട്ടും പറയുന്ന പാവങ്ങളുടെ പിന്നാലെ പത്രക്കാരും ചാനലും രാഷ്ട്രീയ അതികായകന്മാരും. കാണാന്‍ നല്ല ചേലുണ്ട്.  സ്വന്തമായി ഒരു നയവും നിലപാട് തറയും ഉള്ളവരുടെ  അന്തസ്സ് ഒന്ന് വേറെത്തന്നെയാണ്. അവര്‍ ഏതു കൂലം കുത്തി ഒഴുക്കിലും പ്രതിരോധം തീര്‍ത്തു നില്‍ക്കും പാറക്കെട്ടുകള്‍ .  അതില്ലാത്തവര്‍ രാഷ്ട്രീയ കൊങ്ങന്‍ വെള്ളത്തില്‍ ഒലിച്ചു പോവുന്ന ചപ്പു ചവറുകള്‍.

 പാറക്കെട്ടുകള്‍ക്ക് ചരിത്രത്തില്‍ ചില നിയോഗങ്ങള്‍ ഉണ്ട്. അത് ചപ്പു ചവറുകള്‍ ക്ക് സാധ്യമാവാത്തതും. വോട്ടുകള്‍ വില്പന നടത്തില്ല. അത് ഇന്‍വെസ്റ്റ്‌ ചെയ്തു ലാഭം കാത്തിരിക്കില്ല. സ്വന്തം നിലപാടുകള്‍ ആരുടെ മുന്നിലും തുറന്നു പറയും, വോട്ടു കൊടുത്തു എന്ന് കരുതി വായ അടച്ചു പൂട്ടി മിണ്ടാതിരിക്കില്ല. നീതിക്കും ജന നന്മക്കും സന്തുലിത ജനപക്ഷ വികസനത്തിന്ന് വേണ്ടി ആരുമായും കലഹിക്കും. ഞങ്ങളെ സഹായിച്ചവരെ ഞങ്ങള്‍ സഹായിക്കും എന്ന പരസ്പര പുറം ചൊരിയല്‍ കര്‍മ്മ പരിപാടി അതിന്നു അന്യമാണ്. 

കക്ഷി രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക്‌ അത് പെട്ടെന്ന് മനസ്സിലാവില്ല. അങ്ങിനെ ഒരു പാട് വസ്തുതകള്‍ കാലം പിന്നീട് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്‌. നില്‍ക്കുന്ന തറയുടെ ചൂടും തണുപ്പും തിരിച്ചറിയുന്നവക്ക് ചരിത്രം അതിന്റെ ഖജനാവില്‍ പലതും പാത്തു വെക്കും.             





        

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു ബ്ലോഗി രോഗിയായി .....


ആറ്റു നോറ്റു കാത്തിരുന്ന  ജിദ്ദയിലെ ബ്ലോഗേര്‍സ് ആന്‍ഡ്‌ വായനേഴ്സ് സംഗമത്തില്‍ ഈ പഹയനെ പങ്കെടുക്കാന്‍ സമ്മതിക്കാത്ത ഒരു ഡോക്ടറുടെ കിരാത നടപടിയില്‍ എല്ലാവരും ആത്മാര്‍ഥമായി പ്രതിഷേധിക്കണം. പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അന്വഷിക്കണം.  സംഭവം ഇങ്ങിനെ.  എന്‍റെ ഇടതു പക്ഷ കാലില്‍  രണ്ടു മാസമായി അലട്ടികൊണ്ടിരുന്ന ഒന്നാം തിരുമുറിവ് അപ്പോത്തിക്കിരിയെ കാണിക്കാതെ ഇനിയും വിടില്ല എന്ന് നല്ല പാതി. ഇങ്ങിനെ യുള്ള മുറിവുകള്‍ ഭാവിയില്‍ ഒരു മഹാ രോഗമായി മാറിയ ചരിത്ര ജ്ഞാനത്തിന്‍റെ പിന്ബലത്തിലാണ്  പരിഭവം. ഡോക്ടറും ബാര്‍ബറും എന്നും എന്‍റെ പ്രതിപക്ഷത്ത് നില്‍കുന്നവര്‍. കാത്തിരിപ്പിന്‍റെ  ബോറന്‍ നിമിഷങ്ങള്‍ സമ്മാനിക്കുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്ന, എന്നാല്‍  ബദല്‍ സംവിധാനതിന്നു വഴിയില്ലാത്ത ഉന്നത വിഭാഗം.

മലയാളി ഡോക്ടര്‍ വേണ്ട, തിരക്ക് കൂടും, മീറ്റില്‍ എത്തണം, ബ്ലോഗ്‌ ലോകത്തെ മഹാ സുല്‍ത്താന്‍ മാരെ കണ്‍ കുളിര്‍ക്കെ കാണണം.എന്‍റെ ഭാഷാ വിവരത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒരു ഹിന്ദി കാരനെ കണ്ടു.
ഷുഗര്‍ ഉണ്ടോ ?
ഇല്ല 
പാരമ്പര്യമായി മാതാ പിതാ.
ഉണ്ട് 
ചെക്ക് ചെയ്യണം 
റിസള്‍ട്ടുമായി ഓടിയെത്തി 
ഇല്ല  നോര്‍മല്‍ 
വേഗം മരുന്ന് എഴുതൂ ഡോക്ടര്‍.....
വീണ്ടും തിരുമുറിവ് നോക്കി അയാള്‍ പ്രഖ്യാപിച്ചു.  എക്സ് റേ എടുക്കണം. 
പടച്ചോനെ... വീണ്ടും ഓടി. ബില്‍, വിരടയാളം, ഒപ്പുശേഖരണം തുടങ്ങിയ  കടമ്പകള്‍. 
സാര്‍ ഇതാ എന്‍റെ ബ്ലോഗ്‌. കയ്യിലെ കവര്‍ ഡോക്ടറുടെ മേശമേല്‍ വച്ചു.
തിരിച്ചും മറിച്ചും നോക്കി, ഒരു പ്രശ്നവുമില്ല എന്ത് കൊണ്ടാണ് സുഖമാവാത്തത്. ഡോക്ടര്‍ എന്നോട് ചോദിക്കുന്നു. ശരിയാ വാദി പ്രതിയാവുന്ന കാലമാണ്. 'അറിയില്ല ഡോക്ടര്‍' 
എങ്കില്‍ ഒരു മൈനര്‍  കൈക്രിയ നടത്താം. 
...... ഇതെന്താ അച്ചുമാമന്‍ മന്ത്രിസഭ കണക്കെ അവസാന നിമിഷ പ്രഖ്യാപനങ്ങള്‍. 
സാര്‍ ഇപ്പോള്‍ തന്നെ വേണോ നാളെ വരാം
എന്താ തടസ്സം ?
എനിക്ക് മീറ്റില്‍ പങ്കെടുക്കണം,
എന്ത് മീറ്റ്‌ 
ബ്ലോഗ്‌ മീറ്റ്....‌  ആപ് കോ നഹീം മാലൂം  മലയാളം ന്യൂസ്‌ , ഗള്‍ഫ് മാധ്യമം,  കാരാടന്‍, ഇരിങ്ങാട്ടിരി  .. ഒന്നും അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല, ഓ ..ഒരു മലയാളി ഡോക്ടറെ കാണിക്കാമായിരുന്നു  
സാര്‍ 
യെസ് 
ഞാന്‍ ഒരു ബ്ലോഗിയാണ്.
ഡോക്ടര്‍ 'എന്‍റെ കണ്ണില്‍ നീ വെറുമൊരു രോഗിയാണ്'.
ഉം .....കലാ സാഹിത്യ ബോധമില്ലാത്ത ഡോക്ടര്‍ , സ്മാരകശിലകള്‍ എഴുതിയ പുനത്തില്‍ കുഞ്ഞബ്ദുള്ള യെ കുറിച്ച് ഇയാള്‍ക്ക് അറിയുമോ.

വേദന നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ ക്ക് വഴിമാറി കൊടുത്തു. 
 മരുന്ന് , പരലോകം ഇവ നോവലുകളുടെ പേരുകള്‍  മാത്രമല്ല  എന്നറിഞ്ഞു.
'രണ്ടു ദിവസത്തേക്ക്  മെഡിക്കല്‍ ലീവ് എഴുതിതരാം' ഡോക്ടര്‍ മൊഴിഞ്ഞു.
വൈക്കം ബഷീറിന്റെ മതിലിലെ അവസാന വാചകം ഓര്‍മയിലെത്തി.   
ഹു വാണ്ട്‌ .........
എല്ലാം കഴിഞ്ഞു കാലില്‍ ഒരു വലിയ കെട്ടുമായി പുറത്തിറങ്ങിയപ്പോള്‍ സമയം പതിനൊന്നു മണി കഴിഞ്ഞു അര മണിക്കൂര്‍.
എല്ലാ ബ്ലോഗികളും ഇപ്പോള്‍ മെനുവിന്നു മുമ്പില്‍ യോഗി കളാ മാറിയിരിക്കും.  അവര്‍ക്ക് മനസ്സാ ഐക്യം പ്രഖ്യാപിച്ചു. 
ഏതു പോലീസുകാരനും ആത്മ കഥ എഴുതുന്ന കാലത്ത് ഇതും കൂടി അക്ഷര ലോകം സഹിക്കട്ടെ. ഇങ്ങിനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതിയല്ലേ പ്രസിദ്ധമായ ഗോഡ് ഓഫ് സ്മാള്‍ തിന്ഗ്സുകള്‍ ഉണ്ടാവുന്നത്  .      
         

         
 



2011 ഫെബ്രുവരി 22, ചൊവ്വാഴ്ച

ബ്ലോഗ്‌ ലോകത്ത് ചരിത്രം ആവര്‍ത്തിക്കുന്നു

ബ്ലോഗിസം എന്ന പദം ബൂലോകത്തെ ഓക്സ് ഫോര്‍ഡ് ശബ്ദ താരാവലിയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് തൊണ്ടി സഹിതം കണ്ടെടുത്തതാണ് പഴയ എസ് ആകൃതിയിലുള്ള കത്തിപോലെ. അതുകൊണ്ട് തന്നെ ഭൂലോകത്ത് ജീവിക്കുന്നവര്‍ക്കോ ജീവിച്ചു എന്ന് വാദിക്കുന്നവര്‍ക്കോ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ഇതുമായി ബന്ധമില്ല.  ബന്ധമില്ല എന്ന് പറഞ്ഞിട്ടും ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് തികച്ചും വായനക്കാരന്‍റെ കുറ്റം. സിനിമാകാരുടെ ഭാഷയില്‍ ഇത് തികച്ചും വിത്യസ്തമായ ഒരു ഭയങ്കര ന്യൂതന വിഷയം.   ഇതുവരെ ഞാന്‍ എന്ന മഹാന്‍ എഴുതാന്‍ മനസ്സില്‍ കോറിയിട്ട അഥവാ ഉദ്ദേശിച്ചിട്ടുള്ള ആയിര കണക്കിനു പ്രമേയങ്ങളില്‍  നിന്നും തീര്‍ത്തും വിത്യസ്തമാണ് ഈ ബ്ലോഗ് വിഷയം.  അല്ലെങ്കിലും ഈ  ആവിഷ്കാരത്തിന്റെ സ്വന്തം നാട്ടില്‍ എഴുത്തുകാര്‍ക്ക് എന്തു കുറ്റം.

തായാലും ബ്ലോഗ്‌  ലോകം  പ്രവിശാലമാണ്. എലി മാളത്തെ വെല്ലുന്ന വിശാലത. അവിടെ ഓരോരുത്തരും രാജാക്കന്മാര്‍, വെറും രാജാവല്ല. കിരീടം ധരിച്ച്  സിംഹാസനത്തില്‍ അഹങ്കാരപൂര്‍വ്വം ആസനം പൂണ്ട  മഹാ രാജാവ്. ആരവിടെ എന്ന് ചോദിച്ചാല്‍ ആയിരങ്ങള്‍ പോയിട്ട് സ്വന്തം മകള്‍ പത്മജ  പോലും  ഓടി വരാത്ത കൊട്ടാരം ഓരോ ബ്ലോഗര്‍മാരും സ്വന്തമാക്കി വച്ചിട്ടുണ്ട്. അതിന്‍റെ പട്ടയം രവീന്ദ്രന്മാരുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ചതാണ്. എന്നാലോ ശാന്തി മഠം വില്ല സ്വന്തമാക്കി എന്നാണ് ഓരോത്തരും വിചാരപ്പെടുന്നത് പിന്നെ അഹങ്കരിക്കുന്നതും .

ഇനി ബൂലോകത്തെ  വിഭവമോ ആരോട് ഞാന്‍ ചൊല്ലേണ്ടു പരാതി. കോഴി ബിരിയാണി തരാം എന്ന് വീമ്പിളക്കി വിളമ്പി കൊടുക്കന്നത്‌  പഴങ്കഞ്ഞി. അത് ഊതി കുടിക്കണം എന്ന് ബോര്‍ഡ് വക്കും ,  എന്തും എഴുതും ഇത് പോലെ,  എന്നാല്‍ എഴുത്തിന്റെ ആത്മ രതി അവിടെ തീരില്ല. ഒറ്റകയ്യന്‍ ഗോവിന്ദസാമിയെ പോലെ സൌമ്യെയെ തോളിലേറ്റി ചാടി വീഴും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക്.  മാത്രമോ അതിന്നു സക്കര്‍ ബര്‍ഗിന്റെ ഇമ്മിണി ബല്ല്യ ദുന്യാവ്‌ വേറെയുണ്ടല്ലോ പ്രവിശാലം ഗള്‍ഫു മലയാളിയുടെ വീട് പോലെ. അവിടേക്ക് മൂട്ടില്‍ തീ കൊളുത്തി പറത്തി വിട്ടാല്‍ പിന്നെ എഫ് ബി  അങ്ങാടിയില്‍ കൂടി ഒരു പണിയുമില്ലാതെ അലഞ്ഞു നടക്കുന്ന ഏതെങ്കിലും വൈറ്റ് കോളര്‍ ആടുകള്‍ മണത്തു നോക്കി വരും. അവരുടെ നിര്‍ലോഭ ലൈക് കിട്ടിയാല്‍  ബഹു ജോര്‍ ഞാനാരാ മോന്‍ എന്ന് മനസ്സില്‍ വെറുതെ തോന്നും. ബേപ്പൂര്‍ സുല്‍ത്താന്റെ സര്‍ഗശക്തിയുടെ മിന്നലാട്ടം എന്‍റെ (വി)കൃതിയില്‍ ഉണ്ടെന്നു ഞാന്‍ തന്നെ കൃഷ്ണ നായരുടെ മരണ ശേഷം നിരൂപണം നടത്തിയിട്ടുണ്ട്.

ബ്ലോഗ്‌ ലോകത്തുള്ളവര്‍  കേരള രാഷ്ട്രീയം  പോലെ ഗ്രൂപ്പ് കളിക്കാരോന്നുമല്ല. അവര്‍ ടുണീഷ്യ യിലെ ബൂ അസീസിനെ പോലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരാണ്. മിസ്രികളെ പോലെ പതിറ്റാണ്ട് പരിചയ മുള്ള ഭരണാധികാരികളെ വെറും പതിനെട്ടു ദിനം കൊണ്ട് തോളില്‍ മാറാപ്പു കേറ്റും.   ചുളുക്കി പറഞ്ഞാല്‍  അവര്‍ പരസ്പരം മെയില്‍ വഴി തര്‍ക്കിച്ചു അവരതിനു ചര്‍ച്ച എന്നോ ചാറ്റ് എന്നോ  പേരിട്ടു.  പിന്നെ അവര്‍ ഒരുമിച്ചു കൂടി ചായ കുടിച്ചു,ചോറ് തിന്നു കാണും , പ്രായോജകര്‍ ജാഗ്രതൈ , കല്യാണം വിളിച്ചും തക്കാരം നടത്തിയും മുന്നോട്ടു പോകും. പരസ്പരം പുറം ചൊറിയും അവാര്‍ഡ് വാങ്ങി കൊടുത്ത്, കൊടുത്ത് വാങ്ങി അതിനിടയില്‍  ആരും കാണാതെ ഒരാള്‍ മറ്റൊരാളെ തോണ്ടും പിന്നെ മാന്തും മാന്തിയവനെ ചവിട്ടും ചവിട്ടിയവനെ തെറിവിളിക്കും പുറത്താക്കും അവന്‍ വേറൊരു കൂട്ടായ്മ ക്ക് രൂപം കൊടുക്കും. ഇത് ആവര്‍ത്തിക്കും കാരണം ചരിത്രം ഒരു ചുറ്റുകോണി യാണെന്ന് ലീഗുകാരനല്ലാത്ത ഒരു മഹാന്‍ പറഞ്ഞു വച്ചിട്ടുണ്ട്.     

ഇപ്പോള്‍  സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ ഭൂലോകത്തും നടക്കാറുള്ളത് എന്ന് അതാണ്‌  പണ്ടൊരു മനീഷി പറഞ്ഞത്   സകല ബുദ്ധിമാന്‍ മാരും  ഒരു പോലെ ചിന്തിക്കുന്നു എന്ന്.
(ഈ പോസ്റ്റിന്നു  പിന്നിലോ മുന്നിലോ ബ്ലാക്ക്‌ മയില്‍ പ്രവര്‍ത്തിച്ചിട്ടില്ല അത് കൊണ്ട് മാന ഹാനിക്ക് രണ്ടു കോടി ചോദിച്ചു കേസ് കൊടുക്കരുത്)      
 

2010 സെപ്റ്റംബർ 25, ശനിയാഴ്‌ച

മരണത്തിനു മരണമില്ലന്നോ !!

രണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ. ആരും കീഴടങ്ങേണ്ട തിക്ത യാഥാര്‍ത്ഥ്യം. മനുഷ്യന്റെ ജീവിതം സന്ദേശമാണ്. മരണവും സന്ദേശം തന്നെ.
ഓര്‍മയുടെ ഓളങ്ങളില്‍, അല്ല തിരമാലകളില്‍, അത് ചിലപ്പോള്‍ തീകാറ്റായി   അടിച്ചു വീശും. അത് നമ്മുടെ അകങ്ങളില്‍ വിങ്ങലുകള്‍ തീര്‍ക്കും.  തീ കോരിയിടും. മനസ്സിനെ കരിച്ചുകളയും, മസ്തിഷ്കത്തില്‍ മുഴക്കങ്ങള്‍  തീര്‍ക്കും.  മരണം ഒരു ഓര്‍മ കുറിപ്പാണ്, ജീവിക്കുന്നവര്‍ക്ക്.

നാം ആരെയാണ് വീഴ്ത്തുക. ആരാണ് വീഴാതിരിക്കുക. അത്രക്കും സുന്ദരമാണ് നമ്മുടെ ലോകം, അത് കൂടുതല്‍ സുന്ദരവും സുരഭിലവുമായിത്തീ രുന്നതില്‍ നമുക്ക് ദുഖവുമില്ല. ഈ വര്‍ണ്ണം വല്ലാതെ കടുത്തു പോവുന്നു. ഇവിടെ കേള്‍ക്കുന്ന വീചികള്‍ അത്യകര്‍ഷനീയം. നയന മനോഹരം ഈ കാഴ്ചകള്‍.  ത്രസിപ്പിക്കും അനുഭവലോകം. എനിക്ക് ചുറ്റും കൂട് കൂട്ടി കലപില കൂട്ടുന്ന സുഖങ്ങളെ ആര്‍ക്ക്  വേണ്ടതാവും.

എല്ലാ ആനന്ദങ്ങള്‍ക്കും അറുതി വരുന്ന മരണം, എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഞാന്‍, ഞാന്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിലോ, അതോ മരണത്തെ ഗര്‍ഭം ധരിച്ചത്  ആകാശ ലോകമോ .     

 

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

സന്തുഷ്ട കുടുംബം - ഒരു തലമുറ സംവാദം

അല്ലലില്ലാത്ത, പൊട്ടലും ചീറ്റലുമില്ലാത്ത, സുഖ സുന്ദരമായ ദാമ്പത്യ -കുടുംബ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കാം. ഏവര്‍ക്കും ആവേശമുള്ള വിഷയം, ഒരു തമ്മില്‍ തമ്മില്‍ സ്റ്റൈലില്‍ സംവാദം നടത്തിയാല്‍  നമുക്ക് ആരെയൊക്കെ വിളിക്കാം. പെട്ടെന്ന് തോന്നുന്ന പേരുകള്‍ എഴുതിനോക്കാം. പൂര്‍ണ ലിസ്റ്റ് പിന്നീട് വായനക്കാര്‍ക്ക് എത്തിക്കും .

സോക്രടീസില്‍ തുടങ്ങാമോ? മാര്‍ക്സിനെ ഉള്‍പ്പെടുത്താമോ ? , ഇന്ദിര ഗാന്ധി, വാജ്പായി ,എ പി ജെ , സുകുമാര്‍ അഴീകോട്,ടീച്ചര്‍ വേണമോ എന്ന് അഴീകോട് മാഷ്  തീരുമാനിക്കട്ടെ.  വയലാര്‍ , പി , ഗൌരിയമ്മ, ടി വി തോമസ്‌. ശശിരൂര്‍ , സുനന്ദ പുഷ്കര്‍ , മനോജ്‌ കെ  ജയന്‍, ഉര്‍വശി , ശ്രീനാദ് ,ശാന്തി കൃഷ്ണ , കെ ടി മുഹമ്മദ്‌ , സീനത് , ശ്രീവിദ്യ , മുകേഷ് , സരിത , സിദ്ധീക്ക് , ആസ്ഹരുധീന്‍ ,   കാവ്യാ, വിശാല്‍,
 
ഇത്രയും തോന്നിയത് കെ ബി ഗണേഷ് കുമാറിന്റെ അഭിമുഖം മാതൃ ഭൂമി ഓണപ്പതിപ്പില്‍ വായിച്ചപ്പോഴാണ്. പുതിയ തലമുറക്ക്‌ ഒരുഗ്രന്‍ സന്ദേശം അദ്ദേഹം നല്‍കുന്നു. ഈഗോ യെ പടിപ്പുരക്ക് അപ്പുറം നിര്‍ത്തുക. കുടുംബ ജീവിതം സുന്ദരമാവും. എല്ലാം അനുഭവത്തില്‍ നിന്നുള്ള മൊഴിമുത്തുകള്‍.

ഈ ചര്‍ച്ചയുടെ മോഡറേറ്റര്‍ ഗണേഷ് കുമാര്‍ തന്നെ ആവട്ടെ.

ജീവിച്ചിരിക്കാത്ത വരെ ഫേസ് ബുക്ക്‌ വഴി കണ്ടെത്തി ചര്‍ച്ച കൊഴുപ്പിക്കട്ടെ.

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

കോടതി തോല്‍ക്കുന്ന വാദങ്ങള്‍


പണ്ടൊരു  മാല ബസ്സില്‍ കളഞ്ഞുപോയി.തിരക്കിട്ട് മാല തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ ഉമ്മാമയുടെ ആത്മഗതം ഇന്റെ മാല ആര്‍ക്ക് കിട്ടിയാലും ഒരു മോല്യാര്‍ക്ക്‌ കിട്ടാഞ്ഞാ മതി. അവരതിനു മസാലയുണ്ടാക്കും പിന്നെ കൈക്കലാക്കും.

അരസികന് അറബി അത്ര പിടിയില്ല. അപ്പോള്‍ ഇംഗ്ലീഷ് അറിയുമെന്ന് നിങ്ങള്‍ കരുതിക്കാണും.  നല്ല ധാരണകളെ അരസികന്‍ തിരുത്താന്‍ മെനക്കെടുന്നില്ല.

കോടതി വിധികള്‍ പൊതുവേ എല്ലാവര്ക്കും മനസ്സിലാകും. ആര്‍ക്കു അനുകൂലം ആര്‍ക്കു പ്രതികൂലം. അഥവാ മാ'രൂഫ്, മജ്ഹൂലല്ല. എന്നാല്‍ കോടതി വിധികള്‍ക്ക് ഒരു ളമീര്‍ ഉണ്ടെന്നും ആ ളമീര്‍ മടങ്ങുന്നത് മറ്റേ ഗ്രൂപ്പിലേക്കന്നെ എന്ന് വാശി പിടിച്ചു  രണ്ടു കൂട്ടരും വാദിച്ചു വാദിച്ചു വീണ്ടും കേസ് കൊടുക്കുകയും ചെയ്യുന്ന ഒരു തമാശ.

ഈ വലിയ തമാശ നടക്കുന്നത് കേരള നദവത്തുല്‍ മുജാഹിദീനിലാകുന്നു. ചരിത്രത്തിലെ  കേരള ഐക്യസംഘം ഇങ്ങിനെ അനൈക്യ സംഘമോ.... ?   ഒന്നായ നമ്മെ രണ്ടാക്കി. പിന്നെ പണ്ഡിതര്‍ കോടതി കയറി. വീണ്ടും വീണ്ടും കയറി.  വിധികള്‍ വന്നുകൊണ്ടിരുന്നു. വിധികള്‍ക്ക് നേതാക്കള്‍ തഫ്സീര്‍ ചമച്ചുകൊണ്ടിരുന്നു . കുറ്റിച്ചിറയും കൊട്ടപ്പുറവും നമ്മുടെ ബയോ ടാറ്റ യിലുള്ളത് കൊണ്ട് ആരും വാദത്തില്‍ തോല്‍ക്കാനും പോവുന്നില്ല.രണ്ടു കൂട്ടരും ജയിച്ചുകൊണ്ടിരിക്കും.       

നമ്മുടെ കിതാബുകള്‍ക്ക്കോടതി വിധികളുടെ ഗതികേട് പണ്ടേയുണ്ട്. 

ഒന്നും പറയുന്നില്ല... നമുക്ക് മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കാം. ഈ ജിന്ന് ബാധയില്‍ നിന്നും മോചനം തേടി.

അല്ല , അലൈസ മിന്കും  റജുലുന്‍ റഷീദ് .........  
========================  ========= =================== =============

   
       
     














 

2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

മഅദനി ഔട്ട്‌ മോഡി ഇന്‍


വസാനം അത് സംഭവിച്ചു.  മഅദനിക്ക്മേല്‍ നിയമം നിയമത്തിന്റെ ടാങ്കരുട്ടി.നിയമം എന്നത് അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്നൊന്നും ഈ അരസികനറിയില്ല. എന്നാല്‍ അത് ചിലരുടെ മേല്‍ ഈറ്റപ്പുലി  കണക്കെ  ചാടി വീഴുകയും ചിലരുടെ തേട്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഈ നിയമം ഏതു വഴി പോവണം. ഇപ്പോള്‍ നിയമം എന്ന കൊതാമ്പി ദേശീയ പാത യില്‍ നിന്ന് പഞ്ചായത്ത് റോഡ്‌ വിട്ടു ഊടുവഴിയിലെ മുളങ്കാടിന്ന് താഴെ വന്നു എത്തുംപിടിയും കിട്ടാതെ നില്‍ക്കുമ്പോള്‍............

ഇങ്ങിന്നെ അന്തം വിട്ടു നില്‍ക്കുയല്ല മഅദനി യുടെ കാര്യത്തില്‍ നിയമം. ഇതിനു നല്ല ഉള്‍കാഴ്ചയുണ്ട്. അത് എല്ലാവര്ക്കും തിരിയും. ചിലര്‍ സമന്മാര്‍ മറ്റു ചിലര്‍ കൂടുതല്‍ സമന്മാര്‍. 

പണ്ട് വോള്‍ടയര്‍ പറഞ്ഞു. ദൈവമേ എന്റെ ശത്രുക്കളുടെ കാര്യം എനിക്ക് വിട്. എന്റ്റെ സുഹൃത്തുക്കളെ നീതന്നെ നോക്കണം.

സോറബുധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍  ഇനി മോഡി ക്ക് പേടി വേണ്ട. പകരം ആണവമുണ്ട്. മതേതരത്വം ഒരു ടണ്‍ വീതം മൂന്നു നേരം സേവിക്കുകയോ ചര്‍ദ്ദി ക്കുകയോ ചെയ്യുന്ന ആര്യാടന്‍, പിന്നെ മലയാളം വാദ്യാര്‍ കാരശ്ശേരി, കൂടാതെ ഹമീദ് ,ഷാജി ,മുനീരാദികള്‍ക്ക് ഇനി വെളുക്കെ ചിരിക്കാം. ഹായ്‌..... ഹായ് ഞമ്മന്റ്റെ നിയമം. അതാ പോണു അവളുടെ വഴിയെ....

പണ്ട് കോപ്പി എഴുതിയിരുന്നു 'ആയിരം കുറ്റവാളികള്‍  രക്ഷ പെട്ടാലും ഒരു നിരപരാധി ശിക്ഷി ക്കപ്പെടരുത്. ഇത് ആഗോളീകരണ കാലം. നമുക്ക് മാറ്റി എഴുതാം. ആയിരം മോഡിമാര്‍ , മുതലിക്കുമാര്‍ രക്ഷപ്പെട്ടാലും ഒരു  മഅദനിയല്ലേ ശിക്ഷി ക്കപ്പെടുന്നത്.

വെള്ളവും എണ്ണയും 
പിന്നെ കാസിം ഇരിക്കൂര്‍ ഗള്‍ഫ്‌  മാധ്യമത്തില്‍ എഴുതുന്നു. അറസ്റ്റ് വിഷയത്തില്‍  പ്രവാസി നേതാക്കള്‍ പ്രസ്താവനയും കൊണ്ട് പത്രമാഫീസിലേക്ക്‌ ഓടി ക്കിതച്ചു വന്നില്ല എന്ന്. നോമ്പ് കാലമല്ലേ നല്ല കാര്യങ്ങള്‍, സുക്ര്‍തങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് അവര്‍  തീരുമാനിചിട്ടുണ്ടാവും.  അല്ലങ്കില്‍ പ്രവാസി ജനത്തെ പേടിച്ചായിരിക്കും.

അന്ത്യം 

നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ ....         


 


  ‌