2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു ബ്ലോഗി രോഗിയായി .....


ആറ്റു നോറ്റു കാത്തിരുന്ന  ജിദ്ദയിലെ ബ്ലോഗേര്‍സ് ആന്‍ഡ്‌ വായനേഴ്സ് സംഗമത്തില്‍ ഈ പഹയനെ പങ്കെടുക്കാന്‍ സമ്മതിക്കാത്ത ഒരു ഡോക്ടറുടെ കിരാത നടപടിയില്‍ എല്ലാവരും ആത്മാര്‍ഥമായി പ്രതിഷേധിക്കണം. പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അന്വഷിക്കണം.  സംഭവം ഇങ്ങിനെ.  എന്‍റെ ഇടതു പക്ഷ കാലില്‍  രണ്ടു മാസമായി അലട്ടികൊണ്ടിരുന്ന ഒന്നാം തിരുമുറിവ് അപ്പോത്തിക്കിരിയെ കാണിക്കാതെ ഇനിയും വിടില്ല എന്ന് നല്ല പാതി. ഇങ്ങിനെ യുള്ള മുറിവുകള്‍ ഭാവിയില്‍ ഒരു മഹാ രോഗമായി മാറിയ ചരിത്ര ജ്ഞാനത്തിന്‍റെ പിന്ബലത്തിലാണ്  പരിഭവം. ഡോക്ടറും ബാര്‍ബറും എന്നും എന്‍റെ പ്രതിപക്ഷത്ത് നില്‍കുന്നവര്‍. കാത്തിരിപ്പിന്‍റെ  ബോറന്‍ നിമിഷങ്ങള്‍ സമ്മാനിക്കുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്ന, എന്നാല്‍  ബദല്‍ സംവിധാനതിന്നു വഴിയില്ലാത്ത ഉന്നത വിഭാഗം.

മലയാളി ഡോക്ടര്‍ വേണ്ട, തിരക്ക് കൂടും, മീറ്റില്‍ എത്തണം, ബ്ലോഗ്‌ ലോകത്തെ മഹാ സുല്‍ത്താന്‍ മാരെ കണ്‍ കുളിര്‍ക്കെ കാണണം.എന്‍റെ ഭാഷാ വിവരത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒരു ഹിന്ദി കാരനെ കണ്ടു.
ഷുഗര്‍ ഉണ്ടോ ?
ഇല്ല 
പാരമ്പര്യമായി മാതാ പിതാ.
ഉണ്ട് 
ചെക്ക് ചെയ്യണം 
റിസള്‍ട്ടുമായി ഓടിയെത്തി 
ഇല്ല  നോര്‍മല്‍ 
വേഗം മരുന്ന് എഴുതൂ ഡോക്ടര്‍.....
വീണ്ടും തിരുമുറിവ് നോക്കി അയാള്‍ പ്രഖ്യാപിച്ചു.  എക്സ് റേ എടുക്കണം. 
പടച്ചോനെ... വീണ്ടും ഓടി. ബില്‍, വിരടയാളം, ഒപ്പുശേഖരണം തുടങ്ങിയ  കടമ്പകള്‍. 
സാര്‍ ഇതാ എന്‍റെ ബ്ലോഗ്‌. കയ്യിലെ കവര്‍ ഡോക്ടറുടെ മേശമേല്‍ വച്ചു.
തിരിച്ചും മറിച്ചും നോക്കി, ഒരു പ്രശ്നവുമില്ല എന്ത് കൊണ്ടാണ് സുഖമാവാത്തത്. ഡോക്ടര്‍ എന്നോട് ചോദിക്കുന്നു. ശരിയാ വാദി പ്രതിയാവുന്ന കാലമാണ്. 'അറിയില്ല ഡോക്ടര്‍' 
എങ്കില്‍ ഒരു മൈനര്‍  കൈക്രിയ നടത്താം. 
...... ഇതെന്താ അച്ചുമാമന്‍ മന്ത്രിസഭ കണക്കെ അവസാന നിമിഷ പ്രഖ്യാപനങ്ങള്‍. 
സാര്‍ ഇപ്പോള്‍ തന്നെ വേണോ നാളെ വരാം
എന്താ തടസ്സം ?
എനിക്ക് മീറ്റില്‍ പങ്കെടുക്കണം,
എന്ത് മീറ്റ്‌ 
ബ്ലോഗ്‌ മീറ്റ്....‌  ആപ് കോ നഹീം മാലൂം  മലയാളം ന്യൂസ്‌ , ഗള്‍ഫ് മാധ്യമം,  കാരാടന്‍, ഇരിങ്ങാട്ടിരി  .. ഒന്നും അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല, ഓ ..ഒരു മലയാളി ഡോക്ടറെ കാണിക്കാമായിരുന്നു  
സാര്‍ 
യെസ് 
ഞാന്‍ ഒരു ബ്ലോഗിയാണ്.
ഡോക്ടര്‍ 'എന്‍റെ കണ്ണില്‍ നീ വെറുമൊരു രോഗിയാണ്'.
ഉം .....കലാ സാഹിത്യ ബോധമില്ലാത്ത ഡോക്ടര്‍ , സ്മാരകശിലകള്‍ എഴുതിയ പുനത്തില്‍ കുഞ്ഞബ്ദുള്ള യെ കുറിച്ച് ഇയാള്‍ക്ക് അറിയുമോ.

വേദന നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ ക്ക് വഴിമാറി കൊടുത്തു. 
 മരുന്ന് , പരലോകം ഇവ നോവലുകളുടെ പേരുകള്‍  മാത്രമല്ല  എന്നറിഞ്ഞു.
'രണ്ടു ദിവസത്തേക്ക്  മെഡിക്കല്‍ ലീവ് എഴുതിതരാം' ഡോക്ടര്‍ മൊഴിഞ്ഞു.
വൈക്കം ബഷീറിന്റെ മതിലിലെ അവസാന വാചകം ഓര്‍മയിലെത്തി.   
ഹു വാണ്ട്‌ .........
എല്ലാം കഴിഞ്ഞു കാലില്‍ ഒരു വലിയ കെട്ടുമായി പുറത്തിറങ്ങിയപ്പോള്‍ സമയം പതിനൊന്നു മണി കഴിഞ്ഞു അര മണിക്കൂര്‍.
എല്ലാ ബ്ലോഗികളും ഇപ്പോള്‍ മെനുവിന്നു മുമ്പില്‍ യോഗി കളാ മാറിയിരിക്കും.  അവര്‍ക്ക് മനസ്സാ ഐക്യം പ്രഖ്യാപിച്ചു. 
ഏതു പോലീസുകാരനും ആത്മ കഥ എഴുതുന്ന കാലത്ത് ഇതും കൂടി അക്ഷര ലോകം സഹിക്കട്ടെ. ഇങ്ങിനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതിയല്ലേ പ്രസിദ്ധമായ ഗോഡ് ഓഫ് സ്മാള്‍ തിന്ഗ്സുകള്‍ ഉണ്ടാവുന്നത്  .      
         

         
 



2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

ബ്ലോഗ്‌ ലോകത്ത് ചരിത്രം ആവര്‍ത്തിക്കുന്നു

ബ്ലോഗിസം എന്ന പദം ബൂലോകത്തെ ഓക്സ് ഫോര്‍ഡ് ശബ്ദ താരാവലിയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് തൊണ്ടി സഹിതം കണ്ടെടുത്തതാണ് പഴയ എസ് ആകൃതിയിലുള്ള കത്തിപോലെ. അതുകൊണ്ട് തന്നെ ഭൂലോകത്ത് ജീവിക്കുന്നവര്‍ക്കോ ജീവിച്ചു എന്ന് വാദിക്കുന്നവര്‍ക്കോ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ഇതുമായി ബന്ധമില്ല.  ബന്ധമില്ല എന്ന് പറഞ്ഞിട്ടും ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് തികച്ചും വായനക്കാരന്‍റെ കുറ്റം. സിനിമാകാരുടെ ഭാഷയില്‍ ഇത് തികച്ചും വിത്യസ്തമായ ഒരു ഭയങ്കര ന്യൂതന വിഷയം.   ഇതുവരെ ഞാന്‍ എന്ന മഹാന്‍ എഴുതാന്‍ മനസ്സില്‍ കോറിയിട്ട അഥവാ ഉദ്ദേശിച്ചിട്ടുള്ള ആയിര കണക്കിനു പ്രമേയങ്ങളില്‍  നിന്നും തീര്‍ത്തും വിത്യസ്തമാണ് ഈ ബ്ലോഗ് വിഷയം.  അല്ലെങ്കിലും ഈ  ആവിഷ്കാരത്തിന്റെ സ്വന്തം നാട്ടില്‍ എഴുത്തുകാര്‍ക്ക് എന്തു കുറ്റം.

തായാലും ബ്ലോഗ്‌  ലോകം  പ്രവിശാലമാണ്. എലി മാളത്തെ വെല്ലുന്ന വിശാലത. അവിടെ ഓരോരുത്തരും രാജാക്കന്മാര്‍, വെറും രാജാവല്ല. കിരീടം ധരിച്ച്  സിംഹാസനത്തില്‍ അഹങ്കാരപൂര്‍വ്വം ആസനം പൂണ്ട  മഹാ രാജാവ്. ആരവിടെ എന്ന് ചോദിച്ചാല്‍ ആയിരങ്ങള്‍ പോയിട്ട് സ്വന്തം മകള്‍ പത്മജ  പോലും  ഓടി വരാത്ത കൊട്ടാരം ഓരോ ബ്ലോഗര്‍മാരും സ്വന്തമാക്കി വച്ചിട്ടുണ്ട്. അതിന്‍റെ പട്ടയം രവീന്ദ്രന്മാരുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ചതാണ്. എന്നാലോ ശാന്തി മഠം വില്ല സ്വന്തമാക്കി എന്നാണ് ഓരോത്തരും വിചാരപ്പെടുന്നത് പിന്നെ അഹങ്കരിക്കുന്നതും .

ഇനി ബൂലോകത്തെ  വിഭവമോ ആരോട് ഞാന്‍ ചൊല്ലേണ്ടു പരാതി. കോഴി ബിരിയാണി തരാം എന്ന് വീമ്പിളക്കി വിളമ്പി കൊടുക്കന്നത്‌  പഴങ്കഞ്ഞി. അത് ഊതി കുടിക്കണം എന്ന് ബോര്‍ഡ് വക്കും ,  എന്തും എഴുതും ഇത് പോലെ,  എന്നാല്‍ എഴുത്തിന്റെ ആത്മ രതി അവിടെ തീരില്ല. ഒറ്റകയ്യന്‍ ഗോവിന്ദസാമിയെ പോലെ സൌമ്യെയെ തോളിലേറ്റി ചാടി വീഴും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക്.  മാത്രമോ അതിന്നു സക്കര്‍ ബര്‍ഗിന്റെ ഇമ്മിണി ബല്ല്യ ദുന്യാവ്‌ വേറെയുണ്ടല്ലോ പ്രവിശാലം ഗള്‍ഫു മലയാളിയുടെ വീട് പോലെ. അവിടേക്ക് മൂട്ടില്‍ തീ കൊളുത്തി പറത്തി വിട്ടാല്‍ പിന്നെ എഫ് ബി  അങ്ങാടിയില്‍ കൂടി ഒരു പണിയുമില്ലാതെ അലഞ്ഞു നടക്കുന്ന ഏതെങ്കിലും വൈറ്റ് കോളര്‍ ആടുകള്‍ മണത്തു നോക്കി വരും. അവരുടെ നിര്‍ലോഭ ലൈക് കിട്ടിയാല്‍  ബഹു ജോര്‍ ഞാനാരാ മോന്‍ എന്ന് മനസ്സില്‍ വെറുതെ തോന്നും. ബേപ്പൂര്‍ സുല്‍ത്താന്റെ സര്‍ഗശക്തിയുടെ മിന്നലാട്ടം എന്‍റെ (വി)കൃതിയില്‍ ഉണ്ടെന്നു ഞാന്‍ തന്നെ കൃഷ്ണ നായരുടെ മരണ ശേഷം നിരൂപണം നടത്തിയിട്ടുണ്ട്.

ബ്ലോഗ്‌ ലോകത്തുള്ളവര്‍  കേരള രാഷ്ട്രീയം  പോലെ ഗ്രൂപ്പ് കളിക്കാരോന്നുമല്ല. അവര്‍ ടുണീഷ്യ യിലെ ബൂ അസീസിനെ പോലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരാണ്. മിസ്രികളെ പോലെ പതിറ്റാണ്ട് പരിചയ മുള്ള ഭരണാധികാരികളെ വെറും പതിനെട്ടു ദിനം കൊണ്ട് തോളില്‍ മാറാപ്പു കേറ്റും.   ചുളുക്കി പറഞ്ഞാല്‍  അവര്‍ പരസ്പരം മെയില്‍ വഴി തര്‍ക്കിച്ചു അവരതിനു ചര്‍ച്ച എന്നോ ചാറ്റ് എന്നോ  പേരിട്ടു.  പിന്നെ അവര്‍ ഒരുമിച്ചു കൂടി ചായ കുടിച്ചു,ചോറ് തിന്നു കാണും , പ്രായോജകര്‍ ജാഗ്രതൈ , കല്യാണം വിളിച്ചും തക്കാരം നടത്തിയും മുന്നോട്ടു പോകും. പരസ്പരം പുറം ചൊറിയും അവാര്‍ഡ് വാങ്ങി കൊടുത്ത്, കൊടുത്ത് വാങ്ങി അതിനിടയില്‍  ആരും കാണാതെ ഒരാള്‍ മറ്റൊരാളെ തോണ്ടും പിന്നെ മാന്തും മാന്തിയവനെ ചവിട്ടും ചവിട്ടിയവനെ തെറിവിളിക്കും പുറത്താക്കും അവന്‍ വേറൊരു കൂട്ടായ്മ ക്ക് രൂപം കൊടുക്കും. ഇത് ആവര്‍ത്തിക്കും കാരണം ചരിത്രം ഒരു ചുറ്റുകോണി യാണെന്ന് ലീഗുകാരനല്ലാത്ത ഒരു മഹാന്‍ പറഞ്ഞു വച്ചിട്ടുണ്ട്.     

ഇപ്പോള്‍  സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ ഭൂലോകത്തും നടക്കാറുള്ളത് എന്ന് അതാണ്‌  പണ്ടൊരു മനീഷി പറഞ്ഞത്   സകല ബുദ്ധിമാന്‍ മാരും  ഒരു പോലെ ചിന്തിക്കുന്നു എന്ന്.
(ഈ പോസ്റ്റിന്നു  പിന്നിലോ മുന്നിലോ ബ്ലാക്ക്‌ മയില്‍ പ്രവര്‍ത്തിച്ചിട്ടില്ല അത് കൊണ്ട് മാന ഹാനിക്ക് രണ്ടു കോടി ചോദിച്ചു കേസ് കൊടുക്കരുത്)