2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു ബ്ലോഗി രോഗിയായി .....


ആറ്റു നോറ്റു കാത്തിരുന്ന  ജിദ്ദയിലെ ബ്ലോഗേര്‍സ് ആന്‍ഡ്‌ വായനേഴ്സ് സംഗമത്തില്‍ ഈ പഹയനെ പങ്കെടുക്കാന്‍ സമ്മതിക്കാത്ത ഒരു ഡോക്ടറുടെ കിരാത നടപടിയില്‍ എല്ലാവരും ആത്മാര്‍ഥമായി പ്രതിഷേധിക്കണം. പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അന്വഷിക്കണം.  സംഭവം ഇങ്ങിനെ.  എന്‍റെ ഇടതു പക്ഷ കാലില്‍  രണ്ടു മാസമായി അലട്ടികൊണ്ടിരുന്ന ഒന്നാം തിരുമുറിവ് അപ്പോത്തിക്കിരിയെ കാണിക്കാതെ ഇനിയും വിടില്ല എന്ന് നല്ല പാതി. ഇങ്ങിനെ യുള്ള മുറിവുകള്‍ ഭാവിയില്‍ ഒരു മഹാ രോഗമായി മാറിയ ചരിത്ര ജ്ഞാനത്തിന്‍റെ പിന്ബലത്തിലാണ്  പരിഭവം. ഡോക്ടറും ബാര്‍ബറും എന്നും എന്‍റെ പ്രതിപക്ഷത്ത് നില്‍കുന്നവര്‍. കാത്തിരിപ്പിന്‍റെ  ബോറന്‍ നിമിഷങ്ങള്‍ സമ്മാനിക്കുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്ന, എന്നാല്‍  ബദല്‍ സംവിധാനതിന്നു വഴിയില്ലാത്ത ഉന്നത വിഭാഗം.

മലയാളി ഡോക്ടര്‍ വേണ്ട, തിരക്ക് കൂടും, മീറ്റില്‍ എത്തണം, ബ്ലോഗ്‌ ലോകത്തെ മഹാ സുല്‍ത്താന്‍ മാരെ കണ്‍ കുളിര്‍ക്കെ കാണണം.എന്‍റെ ഭാഷാ വിവരത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒരു ഹിന്ദി കാരനെ കണ്ടു.
ഷുഗര്‍ ഉണ്ടോ ?
ഇല്ല 
പാരമ്പര്യമായി മാതാ പിതാ.
ഉണ്ട് 
ചെക്ക് ചെയ്യണം 
റിസള്‍ട്ടുമായി ഓടിയെത്തി 
ഇല്ല  നോര്‍മല്‍ 
വേഗം മരുന്ന് എഴുതൂ ഡോക്ടര്‍.....
വീണ്ടും തിരുമുറിവ് നോക്കി അയാള്‍ പ്രഖ്യാപിച്ചു.  എക്സ് റേ എടുക്കണം. 
പടച്ചോനെ... വീണ്ടും ഓടി. ബില്‍, വിരടയാളം, ഒപ്പുശേഖരണം തുടങ്ങിയ  കടമ്പകള്‍. 
സാര്‍ ഇതാ എന്‍റെ ബ്ലോഗ്‌. കയ്യിലെ കവര്‍ ഡോക്ടറുടെ മേശമേല്‍ വച്ചു.
തിരിച്ചും മറിച്ചും നോക്കി, ഒരു പ്രശ്നവുമില്ല എന്ത് കൊണ്ടാണ് സുഖമാവാത്തത്. ഡോക്ടര്‍ എന്നോട് ചോദിക്കുന്നു. ശരിയാ വാദി പ്രതിയാവുന്ന കാലമാണ്. 'അറിയില്ല ഡോക്ടര്‍' 
എങ്കില്‍ ഒരു മൈനര്‍  കൈക്രിയ നടത്താം. 
...... ഇതെന്താ അച്ചുമാമന്‍ മന്ത്രിസഭ കണക്കെ അവസാന നിമിഷ പ്രഖ്യാപനങ്ങള്‍. 
സാര്‍ ഇപ്പോള്‍ തന്നെ വേണോ നാളെ വരാം
എന്താ തടസ്സം ?
എനിക്ക് മീറ്റില്‍ പങ്കെടുക്കണം,
എന്ത് മീറ്റ്‌ 
ബ്ലോഗ്‌ മീറ്റ്....‌  ആപ് കോ നഹീം മാലൂം  മലയാളം ന്യൂസ്‌ , ഗള്‍ഫ് മാധ്യമം,  കാരാടന്‍, ഇരിങ്ങാട്ടിരി  .. ഒന്നും അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല, ഓ ..ഒരു മലയാളി ഡോക്ടറെ കാണിക്കാമായിരുന്നു  
സാര്‍ 
യെസ് 
ഞാന്‍ ഒരു ബ്ലോഗിയാണ്.
ഡോക്ടര്‍ 'എന്‍റെ കണ്ണില്‍ നീ വെറുമൊരു രോഗിയാണ്'.
ഉം .....കലാ സാഹിത്യ ബോധമില്ലാത്ത ഡോക്ടര്‍ , സ്മാരകശിലകള്‍ എഴുതിയ പുനത്തില്‍ കുഞ്ഞബ്ദുള്ള യെ കുറിച്ച് ഇയാള്‍ക്ക് അറിയുമോ.

വേദന നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ ക്ക് വഴിമാറി കൊടുത്തു. 
 മരുന്ന് , പരലോകം ഇവ നോവലുകളുടെ പേരുകള്‍  മാത്രമല്ല  എന്നറിഞ്ഞു.
'രണ്ടു ദിവസത്തേക്ക്  മെഡിക്കല്‍ ലീവ് എഴുതിതരാം' ഡോക്ടര്‍ മൊഴിഞ്ഞു.
വൈക്കം ബഷീറിന്റെ മതിലിലെ അവസാന വാചകം ഓര്‍മയിലെത്തി.   
ഹു വാണ്ട്‌ .........
എല്ലാം കഴിഞ്ഞു കാലില്‍ ഒരു വലിയ കെട്ടുമായി പുറത്തിറങ്ങിയപ്പോള്‍ സമയം പതിനൊന്നു മണി കഴിഞ്ഞു അര മണിക്കൂര്‍.
എല്ലാ ബ്ലോഗികളും ഇപ്പോള്‍ മെനുവിന്നു മുമ്പില്‍ യോഗി കളാ മാറിയിരിക്കും.  അവര്‍ക്ക് മനസ്സാ ഐക്യം പ്രഖ്യാപിച്ചു. 
ഏതു പോലീസുകാരനും ആത്മ കഥ എഴുതുന്ന കാലത്ത് ഇതും കൂടി അക്ഷര ലോകം സഹിക്കട്ടെ. ഇങ്ങിനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതിയല്ലേ പ്രസിദ്ധമായ ഗോഡ് ഓഫ് സ്മാള്‍ തിന്ഗ്സുകള്‍ ഉണ്ടാവുന്നത്  .