2011, ജൂലൈ 6, ബുധനാഴ്‌ച

ആയിരം കോഴിക്കൊരു കാട

ലീഗുകാര്‍ സംസ്ഥാന സമിതി ചേര്‍ന്നു ഇതേത് കാലം എന്ന് ചോദിച്ചാല്‍             ആ വാര്‍ഡിലെ  കോഴികളുടെ കഷ്ട കാലം എന്ന് ദോഷൈക ദൃക്കുകള്‍ പണ്ട് പറയും. ഇപ്പോള്‍ കാലം മാറി കഥ കുറച്ചു കാലമായി  മലയാള  സിനിമയില്‍ പോലും മാറുന്നില്ല . സി ബി  ഐ  ഡയറി കുറിപ്പ് ,    രതി നിര്‍വേദം , അവളുടെ രാവുകള്‍ അങ്ങിനെ   രണ്ടാം  ഭാഗം വരും,  രണ്ടാം ഭാഗം വിജയിച്ചാല്‍ മൂന്നാം ഭാഗം, അതാണ്‌ പ്രൊഫഷനലിസം, കുറച്ചു കാലമായി ലീഗ് പ്രോഫഷനലിസത്തെ ഇരട്ട പെറ്റു കൊണ്ടിരിക്കുന്നു.  

ആദം    മലയെ  തേടി പോവുക ഇല്ല എങ്കില്‍ മല ആദാമിനെ തിരഞ്ഞു പോവുക,  അല്ല പിന്നെ. കാലം മാറിയത് നാം തിരിച്ചറിയണം,  വേണെമെങ്കില്‍ പാണക്കാട്ടു നിന്ന് കോട്ടയത്തേക്ക് ഒരു ഇരുപതു വരി പാതയോ നന്നേ ചുരുങ്ങിയത് നമ്മുടെ മന്ത്രി  മുറാദ് പോലെ ഒരു അഞ്ചു വരി പാതയോ ഉണ്ടാക്കാന്‍   ഇബ്രാഹിം കുഞ്ഞിനെ ഏല്‍പ്പിക്കട്ടെ.

കോടാലിയെ കോടാലി എന്ന് വിളിക്കണം,  കോണ്ഗ്രസ്സില്‍ ഗ്രൂപുണ്ടായാല്‍ (?) അതിനെ ഗ്രൂപ്പ് എന്ന് തന്നെ വിളിക്കണം, അത്   തൊഴിലാളി വിപ്ലവ പാര്ട്ടിയിലാനെങ്കില്‍ വിഭാഗീയത എന്ന് പേരിടാം അത് പോരിശയാക്കപ്പെട്ട  മുത്ത്‌ മുസ്ലിം ലീഗില്‍ ആണെങ്കില്‍ അങ്ങിനെ വിളിച്ചാല്‍          കുരുത്ത കേടു      പറ്റും    നമുക്ക്     അതിനെ    പ്രൊഫഷനലിസം   എന്ന് ഖല്‍ബില്‍  ഉറപ്പിച്ചു   നാവു     കൊണ്ട്  വെളിവാക്കി മൊഴിയാം.  

ആധുനിക ലോകത്ത് കളക്ടീവ് ലീഡര്‍ ഷിപ്‌ എന്നാണ് അതിനു പറയുക, ശത്രുക്കള്‍     ഇതിനെ     വീതം    വെപ്പ്  എന്ന് വിളിക്കുന്നതില്‍ അതിശയമില്ല. അവര്‍ക്ക് ലീഗിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. ലീഗിനെ പ്രകോപിപ്പി ച്ചാല്‍ രണ്ടല്ല അടുത്ത പ്രാവശ്യം മൂന്നു ജനറല്‍ സിക്രട്ടറിമാരെ നിയമിക്കും (കുഞ്ഞാപ്പയില്ലെങ്കില്‍) കുഞ്ഞാപ്പയുണ്ടെങ്കില്‍ അത് മതി,     ആയിരം കോഴിക്കൊരു കാട.             


  




               

2011, ജൂൺ 22, ബുധനാഴ്‌ച

അഞ്ചിന്റെ പൊല്ലാപ്പ്

ഒറ്റ അക്കങ്ങള്‍ക്ക് നല്ല ഭാഗ്യമാണ്, ഏഴു , പതിമൂന്ന്, പതിനേഴ്‌, ഇപ്രാവശ്യം ഇരുപതു കിട്ടിയപ്പോള്‍ ഒറ്റയല്ലെങ്കിലും മഹാ ലക്ഷമിയാനെന്നു കരുതി സന്തോഷിച്ചു. മന്ത്രിമാര്‍ നാല് മതി, ഇരട്ട സംഖ്യ, ഇരട്ടക്കും വേണ്ടേ  ഒരു ജീവിതം, അതിനിടയില്‍ വീണ്ടും ഒറ്റ സംഖ്യ ക്കാണ് മഹാ ബര്‍ക്കത്ത് എന്ന് ആരോ പറഞ്ഞു, ഏതോ കുഴിയില്‍ നിന്നാണ് അശരീരി, അങ്ങിനെ  അഞ്ചു   പത്രക്കാരെ വിളിച്ചു പ്രഖ്യാപിച്ചു  നമ്മക്ക് അഞ്ചു മന്ത്രിമാര്‍, ഒരു കയ്യില്‍ അഞ്ചു വിരലുകള്‍ എത്ര സുന്ദരം, ആറാം വിരല്‍ അധികം തന്നെ, പഞ്ചതന്ത്ര കഥകള്‍ എത്ര ആസ്വാദ്യകരം, അതിലേറെ ഗുണകരം, പഞ്ചാപാണ്ഡവര്‍ , പാഞ്ചാലി പുരാണ ഇതിഹാസ കഥാപാത്രങ്ങള്‍,  കുഞ്ചിയമ്മക്ക് അഞ്ചു മക്കളായിരുന്നു എന്ന് പദ്യ ശകലം, ഏതു മന്ത്രിക്കും ഭരണ ജീവിതം അഞ്ചു കൊല്ലം.  ഇനി സമുദായത്തിലേക്ക് വന്നാലോ അതിലേറെ മഹാ അത്ഭുതം, ഇസ്ലാം നിലനില്കുന്ന അഞ്ചു സ്തംഭം,  അഞ്ചു നേരത്തെ നമസ്കാരം.  ഈ മാന്ത്രിക സംഖ്യ തേടി പാണകാട് പുതുപള്ളിയിലേക്ക് ‌ പോയി പുതു പള്ളി  പാണക്കാട് വന്നു. കാടെവിടെ മക്കളെ എന്ന് അയ്യപ്പ പണിക്കര്‍, അന്ജെവിടെ മക്കളെ എന്ന് പൊതുജനം. ഈയിടെയായി ഈ സംഖ്യ ഉറക്കത്തിലും ഉണര്ച്ചയിലും രുദ്ര  ഭാവം പൂണ്ടു   ചിലരുടെ കൊക്കിന്നു പിടിക്കുന്നുവത്രേ .  പണ്ട് രാകി പറന്ന പരുന്തിന്റെ പിന്നാലെ  പോയ മന്ത്രിയുണ്ടല്ലോ അതെ പോലെ ഗണിത ശാസ്ത്രത്തില്‍ നിന്നും  അഞ്ചിനെ പിന്‍വലിക്കാന്‍ അപേക്ഷ വന്നാല്‍ വിദ്യാഭ്യാസ മന്തിക്ക് എന്‍ ഓ സി കൊടുക്കാം.  അങ്ങിനെ തീരട്ടെ ഈ അഞ്ചിന്റെ പൊല്ലാപ്പ്.                             

2011, ജൂൺ 14, ചൊവ്വാഴ്ച

നിലവിളി

 

ധൃതിയില്‍ നടന്നു പോരുമ്പോള്‍  

ഭൂമി ഉറക്കെ ചോദിച്ചു , 

ആരാണ് എന്‍റെ മണ്ണ് കവര്‍ന്നെടുത്തത്?
 
ഞാന്‍ തിരിഞ്ഞു നോക്കിയില്ല.
 
പുഴ കണ്ണീര്‍ വാര്‍ത്തു കരഞ്ഞു ആരാണ് 

എന്‍റെ നെഞ്ചിലെ മണല്‍ കോരിയെടുത്തത് ?‌  

ഞാന്‍ നിസംഗനായി നീങ്ങി 
 
ആരാണ് എന്‍റെ മരങ്ങള്‍ വെട്ടിയെടുത്ത് വില്പന നടത്തിയത് 

കാട് നിലവിളിച്ചു 

ഈ ചോദ്യവും  എന്നെ അലോസരപ്പെടുത്തിയില്ല

കാരണം അതിന്നുത്തരവാദി യും ഞാനായിരുന്നു.  

വീട്ടിലെ കോലായിലെത്തി യപ്പോള്‍

മകളുടെ നിലവിളി ആരാണ് എന്‍റെ ചാരിത്ര്യം കവന്നെടുത്തത് ?







   

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ചെന്നിത്തല അറിയാന്‍ ടി ഓ ബാവ

 ചെന്നിത്തല അറിയാന്‍ ടി ഓ ബാവ 

സ്നേഹപൂര്‍വ്വം ചെന്നിത്തല അറിയാന്‍ ടി ഓ ബാവ എഴുത്ത്, ഓര്‍മ്മയുണ്ടോ ഈ പേര് , ഓര്‍ക്കാന്‍ വഴിയില്ല, താങ്കള്‍ ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ , അതിനിടെ കസേര വിട്ടു മത്സരിച്ചു എന്നും കേട്ടു, ഇപ്പോള്‍ തലേകുന്നില്‍ ബഷീറിനെ അവിടെ 'അഭിനയിപ്പി'ക്കുന്നു അല്ലെ, ഉം നടക്കട്ടെ ഹസ്സനേയും സിധീഖിനെയും വെട്ടി നിരത്തി ഉറുമിയും കൊണ്ട് വെകിളി പിടിച്ചു നടക്കുകയാണെന്ന് അറിഞ്ഞു, ചരിത്രം ഒരു ചുറ്റു കോണി തന്നെ,  ചാലപ്പുറം ആവര്‍ത്തിക്കുന്നു.   ന്യൂ ന പക്ഷ  കോണ്‍ഗ്രസ് കാര്‍ ഗതികെട്ടപ്പോള്‍ സങ്കടം പറയാന്‍ വിളിച്ചിരുന്നു  .  അത് പോവട്ടെ  ഞാനും ആ കസേരയില്‍ ഇരുന്നിട്ടുണ്ട് , സംശയം ഉണ്ടെങ്കില്‍ നമ്മുടെ സൈറ്റ് നോക്കുക. 

പിന്നെ  ആ ഷാനവാസ് ജമാ അത്തുകാരുടെ കാരുടെ ഓഫീസില്‍ കയറി എന്ന് പറഞ്ഞു വല്ലാത്ത പുകിലായി അല്ലെ ? രമേശ്‌ അവരുമായി മുമ്പ് ചര്‍ച്ചക്ക് പോയി എന്നും കേട്ടു, അതിലൊന്നും ബേജാര് വേണ്ടാട്ടോ. നമ്മുടെ രാഷ്ട്ര പിതാവ് സാക്ഷാല്‍  മഹാത്മാ ഗാന്ധി പോയി അവരുടെ സദസ്സില്‍ ഇരുന്നിട്ടുണ്ട്, വിമര്‍ശനം വന്നപ്പോള്‍ ഇനി വിളിച്ചാല്‍ നടന്നു പോവും എന്നും  എഴുതിയിട്ടുണ്ട്. രാജാവിനെക്കാള്‍ വലിയ രാജ ഭക്തിയോ അഥവാ ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌. 

അത് പോട്ടെ , ഞാന്‍ അവരുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ഓര്മ ശരിയാണെങ്കില്‍ ൧൯൮൩ ഫെബ്രുവരി യില്‍ മലപ്പുറത്ത്‌ നടന്ന സമ്മേളനത്തില്‍. മാത്രമോ അടിയന്തിരാവസ്ഥയില്‍ അവരെ നിരോധിക്കാന്‍ നമ്മുടെ ഇന്ദിരാജി  തീരുമാനമെടുത്തപ്പോള്‍ അതിന്നെ എ  ഐ സി സി യില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അന്ന് രമേശ്‌  നിക്കറിട്ടു വട്ടുരുട്ടി നടക്കുന്ന കാലമായിരിക്കും .  ഇന്ദിര എന്ന ഉരുക്ക് വനിതയോട് ഞാന്‍ പറഞ്ഞ   വാക്കുകള്‍ ഇപ്പോഴും ഓര്‍മയുണ്ട്, നിങ്ങള്‍ക്ക് കുരുനരിയെയും ആട്ടിന്‍ കുട്ടിയേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല  എന്ന്.

NB : മുസ്തഫക്കും ആര്യാടന്‍ മുഹമ്മദിന്നും ഈ കത്ത് വായിക്കാന്‍ കൊടുക്കരുത്.         

നിറുത്തുന്നു, തിരക്കിലായിരിക്കും പെരുന്നയില്‍ നിന്ന് പോന്നാല്‍ മറുപടി  എഴുതണം  ജയ് ഹിന്ദ്‌   



       

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

വെല്‍ഫയര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഗാന്ധിജി


പ്രിയ മുള്ളവരെ  ഞാന്‍ അവിടെ  നിന്ന് സ്വര്‍ഗത്തില്‍ എത്തിയിട്ട് എത്ര വര്‍ഷമായി എന്ന് നിങ്ങള്‍ക്കറിയാം. കാരണം ഇന്ത്യക്കാര്‍ക്ക്  എല്ലാം ആഘോഷമല്ലെ ? .   എന്‍റെ നെഞ്ചിന്നു നേരെ കാഞ്ചി വലിച്ചവരടക്കം എന്നെ പുകഴ്ത്തുന്നതും ദൂരെ നിന്ന് കേള്‍ക്കുന്നുണ്ട്. എന്നാലും എന്‍റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍, ഞാന്‍ ഏറ്റെടുത്ത സമരങ്ങള്‍ക്ക് നിറം പകരാന്‍ അവിടെ ആര്‍ക്കും താല്‍പര്യമില്ലെന്ന്   തോന്നി തുടങ്ങിയിട്ട് കുറേയായി .  ജന നേതാക്കള്‍, മന്ത്രിമാര്‍  എല്ലാം എന്‍റെ ഫോട്ടോ ചുമരില്‍ തൂക്കി അതിന്നു താഴെ കസേരയിലിരുന്നു  അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ട്. എന്‍റെ സെക്കന്റ്‌ ക്ലാസ്  ഇന്ന്  കന്നുകാലി ബോഗിയാണല്ലോ.   

അഴിമതിക്കെതിരെ നല്ല ചുവടു വെപ്പ്  നടത്തിയ അന്ന ഹസ്സാരെയേ ദൂരെ നിന്ന് കണ്ണ് നിറയെ കണ്ടു. ഒരു പിടി ചുവന്ന പൂക്കള്‍  ഈ ദുര്‍ബല കരം കൊണ്ട് എറിഞ്ഞു കൊടുത്തു എന്‍റെ മനസ്സ്  നിറഞ്ഞു. അവിടെ വന്നു പോവുന്ന ബഹുജനത്തെ  അനുഭവിച്ചു. ഇല്ല നന്മയുടെ വെളിച്ചം കെട്ടുപോയിട്ടില്ല.

തിരിച്ചു പോരാന്‍ നില്‍ക്കുമ്പോള്‍ അറിഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നു എന്ന്. ഞാന്‍ പഴയ  ഓര്‍മ്മകള്‍ ചികയാന്‍ തുടങ്ങി. പ്രകാശം പരത്തുന്ന നല്ല ഓര്‍മ്മകള്‍,

1947 ഏപ്രില്‍ 25 ,26 തിയതികളില്‍   ഒരു ചൂടുള്ള പകലിന്‍റെ അവസാനത്തില്‍  പാട്ന യില്‍ നടന്ന ജമാ അത്ത് സമ്മേളനത്തില്‍ ഒരു ശ്രോതാവായി എത്തിയത്.  അവരുടെ പ്രസംഗങ്ങള്‍ കേട്ടത്, പിറ്റേന്ന് പത്രത്തില്‍ ഞാന്‍ തന്നെ കൊടുത്ത പ്രസ്താവന. എല്ലാം ഇന്നലെ നടന്നതുപോലെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. 
       
''അത് സാധുക്കളുടെ സമ്മേളനമായിരുന്നു, ഭിക്ഷയെടുക്കുന്ന സാധുക്കളല്ല,നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ച നീചത്വം തുടച്ചു നീക്കുകയും ചെയ്യുന്ന സാധുക്കള്‍. അവരുടെ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ എനിക്ക് തെല്ലും ഖേദമില്ല, അവര്‍ എന്നെ ക്ഷണിച്ചാല്‍ കാല്‍ നടയായിട്ടെങ്കിലും ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കും.തീര്‍ച്ച. ''

അവര്‍ മുന്‍കയ്യെടുത്തു ഒരു രാഷ്ട്രീയ പാര്‍ട്ടി, നന്നാവും നാടിന്നു ഉപകാരപ്പെടും, ജനത്തിന്‍റെ പക്ഷത്ത് നിന്ന് ഒരിടപെടല്‍ ആവശ്യമാണ്. അത് എന്‍റെ നാട് ആഗ്രഹിക്കുന്നുണ്ട്. എന്‍റെ നിറ സാന്നിധ്യം ഒരു നിഴല്‍ പോലെ നിങ്ങള്‍ക്ക് അവിടെ കാണാം.           
                   

2011, ഏപ്രിൽ 10, ഞായറാഴ്‌ച

ജമാ അത്ത്  വോട്ടു നല്‍കേണ്ട   മുന്നണികളെയും സ്ഥാനാര്‍ഥി കളെയും  തീരുമാനിക്കുകയും  പ്രഖ്യാപിക്കുകയും ചെയ്തു. ഓരോ വെയ്ക്തിക്കും  പാര്‍ട്ടിക്കും ആര്‍ക്കാണ്    സ്വന്തം വോട്ടു നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. അത് അവര്‍ക്ക് വകവെച്ച് കൊടുക്കുക എന്നത് മിതമായ നീതി ബോധം. അതിനോട് മറ്റു പാര്‍ട്ടികള്‍ക്കും വെക്തികള്‍ക്കും യോജിക്കാം അല്ലെങ്കില്‍    വിയോജിക്കാം. വിമര്‍ശിക്കാം സ്വന്തം അനുയായികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ഒരു ചര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞു വന്ന വിഷയങ്ങളെ പ്രവര്‍ത്തകരുടെ ചിന്തക്കും നിരൂപണ തിന്നും വിടുകയും അവര്‍ പ്രാദേശിക രംഗത്ത് ചര്‍ച്ച ചയ്തു വേണ്ട നിര്‍ദേശങ്ങള്‍, തിരുത്തലുകള്‍  നല്‍കുകയും അങ്ങിനെ തികച്ചും ജനാധിപത്യപരമായി തീരുമാനമെടുക്കകയും ചെയ്തു കൊണ്ടാണ് ഇപ്പോള്‍ തീരുമാനം  പൊതു ജന സമക്ഷം പ്രഖ്യാപിച്ചത്. ഇത് നൂറു ശതമാനവും ശരിയായ തീരുമാനമാണെന്ന് ജമാ അതിന്നു തന്നെ അവകാശ വാദം ഉണ്ടാവില്ല. അതുണ്ടാവാന്‍ സാധ്യവുമല്ല. തികഞ്ഞ ഏക പക്ഷീയ  കക്ഷി താല്പര്യമില്ലത്തവര്‍ക്കുപോലും  തങ്ങളുടെ പാര്‍ട്ടി പോലും നൂറു ശതമാനവും ശരി എന്ന് അവകാശപ്പെടാന്‍ സമകാലിക സാഹചര്യത്തില്‍ സാധിക്കുകയുമില്ല.
      ജമാ അത്തെ ഇസ്ലാമി മുസ്ലിം  പരിസരത്ത് നിന്ന് വരുന്ന പാര്ട്ടിയായത് കൊണ്ട് തന്നെ മുസ്ലിം സംഖടനകള്‍ അതിനെ ഭൂതകണ്ണാടി വച്ച് നിരീക്ഷിക്കുകയും തങ്ങളുടെ മേലാളന്മാര്‍ക്ക് അലോസരമുണ്ടാക്കുന്ന തീരുമാനം അവരില്‍ നിന്ന് വരരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ അത്ഭുതവുമില്ല.   സമുദായ രാഷ്ട്രീയക്കാരും അവരുടെ ഉപഗ്രഹ സംഖടനകളും ജമാ അതിന്നെ പിണ്ഡം വച്ച് പടിയടച്ചത് അവര്‍ തങ്ങളുടെ അഭീഷ്ടത്തിന്നും താല്പര്യത്തിനും എതിരാണെന്ന് അറിയുന്നത് കൊണ്ടാണ് അല്ലാതെ ഭീകര വാദത്തിന്റെ വിശാല വീക്ഷണം കൊണ്ടൊന്നുമല്ല.  തെറ്റും ശരിയും തീരുമാനിക്കാനുള്ള അവകാശം  സമുദായ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്തിരുന്നുവെങ്കില്‍ ജമാ അത്തിന്നും ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് തീര്‍ച്ച.

കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിലും ജമാ അത്ത് തീരുമാനം കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മൊത്തം കുത്തകക്കാര്‍ക്ക് ബോധ്യം വന്നിട്ടില്ല. അവരുടെ ഉപഗ്രഹ പാര്‍ട്ടികള്‍ക്കും.   ഒറ്റപ്പാലത്തും  ബേപ്പൂരിലും  വടകരയിലും അത് മനസ്സിലായിട്ടില്ല. ഇനി യും അവര്‍ക്ക് ബോധ്യം വരും എന്ന് കരുതാനും വയ്യ.   കേരളത്തിന്‍റെ പൊതു ബോധം അടിയന്തിരാവസ്ഥക്കു ശേഷം വോട്ടു  രേഖപ്പെടുത്തിയത്  കൊണ്ഗ്രസ്സിന്നായിരുന്നുഎന്ന് കരുതി അതായിരുന്നു രാജ്യ നന്മ  എന്ന് കരുതുവാന്‍ ചരിത്ര ബോധം അനുവദിക്കുന്നില്ല. 

കേരളത്തിന്‍റെ നന്മ മുന്‍ നിര്‍ത്തി പൊതുവെ അഴിമതി കുറഞ്ഞ പൊതു ജന താല്പര്യം ഏറെക്കുറെ സംരക്ഷിക്കുന്ന വിഭാഗം ഇടതു പക്ഷമാണ് എന്ന ബോധത്തില്‍ നിന്നാണ് ഈ തീരുമാനം. പ്രാദേശിക താല്പര്യങ്ങളും പാര്‍ട്ടി മുന്‍ഗനകളും മുന്നില്‍ വച്ച് ചില മണ്ഡലങ്ങളില്‍ യു ഡി എഫിന്നും വോട്ടു നല്‍കാന്‍ തീരുമാനിച്ചു .  ഏറനാട് മണ്ഡലത്തില്‍ വലതു പക്ഷതിന്നു വോട്ടു നല്‍കാന്‍ ഏതായാലും സാധിക്കുകയില്ല. ഇടതു പക്ഷ്മാവട്ടെ അവര്‍ തന്നെ രണ്ടാഭിപ്രായത്തിലാണ്. അത് കൊണ്ട് തന്നെ അവിടെ വിട്ടു നില്‍ക്കും എന്ന് മണ്ഡലത്തില്‍ നിന്നുള്ള ഒരാളായത് കൊണ്ട് തീരുമാനം പറയുന്നതിനു  മുമ്പേ എനിക്ക് തോന്നിയിരുന്നു.   ചിന്താപരമായ ഐക്യം സംഭവിച്ചു എന്ന് തന്നെ എനിക്ക് ബോധ്യം വന്നു.      




       

2011, ഏപ്രിൽ 6, ബുധനാഴ്‌ച

രാഷട്രീയത്തിലെ മുജാഹിടും മുജാഹിദിന്‍റെ രാഷ്‌ട്രീയവും







അധികാര രാഷ്‌ട്രീയവും രാഷ്‌ട്രീയ അധികാരവും

‌"അധികാരം അലങ്കാരമല്ല; ഉത്തരവാദിത്തമാണ്‌ എന്ന്‌ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍ അധികാരമോഹിയോ `അധികാരത്തില്‍ തൂങ്ങി'യോ ആവില്ല, തീര്‍ച്ച. കേരള രാഷ്‌ട്രീയത്തിലെ നിര്‍ണായകമായ ശക്തിയാണ്‌ ഇന്ന്‌ മുസ്‌ലിംകള്‍. മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയും രാഷ്‌ട്രീയക്കാരായ മുസ്‌ലിംകളുമുണ്ട്‌. `നാടോടുമ്പോള്‍ നടുവെ' എന്നത്‌ മുസ്‌ലിമിന്റെ മുദ്രാവാക്യമല്ല. വിശ്വാസത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സ്വത്വത്തിന്റെ മാനങ്ങള്‍ കാക്കാന്‍ കഴിയാത്ത ഒരു മുസ്‌ലിം അധികാരത്തോടടുക്കരുത്‌. അവിഹിതമായ പങ്കുപറ്റലോ അധികാര ദുര്‍വിനിയോഗമോ സത്യവിശ്വാസിക്കു ഭൂഷണമല്ല. വിശ്വാസികളായ രാഷ്‌ട്രീയനേതാക്കളെ പൊതുവിലും മുസ്‌ലിംകളായ രാഷ്‌ട്രീയപ്രവര്‍ത്തകരെ പ്രത്യേകിച്ചും ഓര്‍മപ്പെടുത്തട്ടെ: അധികാരം അലങ്കാരമല്ല, ഉത്തരവാദിത്തമാണ്‌. ഉത്തരവാദിത്തം ചോദ്യംചെയ്യപ്പെടുന്നതാണ്‌; ഇഹത്തിലും പരത്തിലും.
പ്രവാചകന്റെ ശ്രദ്ധേയമായ ഒരു താക്കീത്‌ സത്യവിശ്വാസി ഏതു രംഗത്തു പ്രവര്‍ത്തിക്കുമ്പോഴും തന്റെ മനോമുകുരത്തില്‍ തെളിഞ്ഞിരിക്കണം. ``നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരാണ്‌. നിങ്ങളുടെ ഉത്തരവാദിത്തത്തിനു കീഴിലുള്ളവരെപ്പറ്റി നിങ്ങള്‍ ഓരോരുത്തരും ചോദ്യം ചെയ്യപ്പെടും."
ഇത് ശബാബ് വീക്ക്‌ലിയിലെ വിക്കിലീക്സ്  വെളിപ്പെടുത്തല്‍. 
 
അപ്പോള്‍ ഒരു കാര്യം ഉറപ്പായി, ഇത് ഒരു ഭൌതിക കാര്യമല്ല. നെല്ലിന്നു ഏതു വളം ചേര്‍ക്കണം, ഏതു റബ്ബര്‍ തൈ  ഉപയോഗിക്കണം എന്നത് പോലെയുള്ള ദുനിയാ കാര്യമല്ല. ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തം ആണ്. അപ്പോള്‍ അത് ഇസ്ലാമില്‍ നിന്ന് കിലോ മീറ്ററോളം അകലെയല്ല. അധികാരം മാത്രമല്ല അധികാരികളെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പും വോട്ടും ഈ ചോദ്യം ചെയ്യലിന്നു ഒരു പാട് കാതം അകലെയാവുമോ, അത് മാത്രം ചോദ്യം ചെയ്യലിന്റെ വരുതിയില്‍ പെടാതെ നോക്കാന്‍ ആര്‍ക്കു കഴിയും . "വിശ്വാസത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സ്വത്വത്തിന്റെ മാനങ്ങള്‍ കാക്കാന്‍ കഴിയാത്ത ഒരു മുസ്‌ലിം അധികാരത്തോടടുക്കരുത്"  ചോദ്യം ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ അനുയായികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാമോ, അതിന്നു വേണ്ടി  ചര്‍ച്ചകള്‍ നടത്തി ഏറ്റവും ഉത്തമമെന്നു കരുതുന്ന ഒരു തീരുമാനം എടുക്കാമോ. അതോ ഇതൊക്കെ സ്വയം വഴി കണ്ടുപിടിച്ചു എത്തിച്ചേരേണ്ട വെറും കുട്ടിക്കളിയാണോ.

അങ്ങിനെയാണെങ്കില്‍ അവരില്‍ ഒരു വിഭാഗം  ഇപ്രാവശ്യം ഇടതു പക്ഷതിന്നും  മറ്റൊരു വിഭാഗം വലതു പക്ഷതിന്നും വോട്ടു ചെയ്‌താല്‍ അവരെ നമുക്ക് കുറ്റം പറയാമോ, നീണ്ട കാലമായി വലതിന്നു ചെയ്ത ഒരാള്‍ ഇപ്രാവശ്യം ഇടതിനു ചെയ്‌താല്‍  അല്ലെങ്ങില്‍ നേരെ മറിച്ചായാല്‍ അത് പാതകമാവുമോ ? ഇത്രയും ഗൌരവമുള്ള ഒരു വിഷയത്തില്‍ എന്തെ അനുയായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിത്യസ്ത നിലപാടുകള്‍ ഉണ്ടാവുന്നു 
രസൂലിന്റെ  കാലത്തും ഇങ്ങിനെ ചോദ്യം ചെയ്യപ്പെടുന്ന വിഷയത്തില്‍ ഓരോരുത്തരെയും അവനവന്‍റെ പാട്ടിന്നു വിട്ടു കൊടുത്തിരുന്നോ?
 
ഒരു കൂട്ടര്‍ ഇടതു പക്ഷതിന്നു മുന്‍‌തൂക്കം നല്‍കണമെന്ന് പറഞ്ഞാല്‍ അത് വല്ലാത്ത പാതകമായി മാറുന്നുവെങ്കില്‍ ആ പാതകം അങ്ങിനെ ചെയ്യുന്ന തങ്ങളുടെ അനുയായി കള്‍ക്കും ബാധകമല്ലേ ?

പണ്ടെന്നോ ചെയ്തും പറഞ്ഞും  പോയ ഒരു അബദ്ധം ഇങ്ങിനെ നിലനിര്‍ത്താന്‍ നാം നിരബന്ധിക്കപെടുകയല്ലേ. ആ വലിയ അമ്മിക്കടിയില്‍ കിടന്നു ഞെരുങ്ങുന്ന സ്വന്തം വാല്‍ എന്നെങ്കിലും നമുക്ക് തിരിച്ചു കിട്ടുമോ ? ചോദ്യം ചെയ്യുമ്പോള്‍ കാണിച്ചു കൊടുക്കാനെങ്കിലും.          



     
 

ധാരണയും ചര്‍ച്ചയും പിന്നെ ജമാ അതും

നമ്മുടെ പുന്നാരപ്പെട്ട നാലാം തൂണ്‍ പത്ര ചാനല്‍ മാധ്യമങ്ങള്‍ എങ്ങിനെ ആടിനെ പട്ടിയാക്കുമെന്നും   പട്ടിയെ പേപ്പട്ടിയാക്കുമെന്നും പിന്നീട് പേപ്പട്ടിയെ തല്ലികൊല്ലാമെന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു.  ജമാ അത്ത് പിണറായി വിജയനുമായി ആലപുഴ റസ്റ്റ്‌ ഹൌസില്‍ വച്ച്  സംസാരിച്ചത് , അങ്ങിനെ 'പരമ രഹസ്യമാവുന്നു' ചിലപ്പോള്‍ അവതാരകര്‍ അവരുടെ തലയില്‍  'മുണ്ടും'  കൊണ്ടിടുന്നു , ഓര്‍ക്കുന്നില്ലേ പിണറായി തലയില്‍ മുണ്ടിട്ടത്  മുമ്പ് സമ്മേളനത്തില്‍ മഴ പെയ്തപ്പോഴായിരുന്നു, ആരിഫലി തലയില്‍ ടൌവല്‍ ഇടുന്നത് കണ്ടിട്ടുണ്ട്. ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ മുണ്ടിട്ടോ എന്നോ അറിയില്ല. എന്നാലും പത്രക്കാര്‍ അവരുടെ തലയില്‍ മുണ്ടിടുന്നു സൌജന്യമായി .

പ്രബുദ്ധ മെന്നു പറയുന്ന കേരളത്തില്‍ ചര്‍ച്ചയും സംസാരവും സംവാദവും എത്ര പെട്ടെന്നാണ്  'ധാരണയും' 'തി'രഞ്ഞെടുപ്പ്  സഹകരണവും' 'വോട്ടു കച്ചവടവു'മായി പരിണമിക്കുന്നത്.  രാഷ്ട്രീയക്കാര്‍ക്കും ചാനല്‍  അവതാരകര്‍ക്കുമായി ശബ്ദതാരാവലി ഗുണ്ടര്‍ട്ടിന്റെ കാലത്തേ ഉണ്ടെന്നാണ്  അറിവ്.   ഞങ്ങള്‍  ജമാ അത്ത് മായി ധാരണയില്ല  എന്ന് പറയുമ്പോള്‍ സംസാരിക്കുന്നത് മുഴുവന്‍ മുന്നണി  ധാരണകള്‍ ക്ക്  വേണ്ടി എന്ന് പുലമ്പി  കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ   കാപട്യ ത്തിനു മുമ്പില്‍ നമുക്ക് കൈകൂപ്പി നില്‍ക്കാം.  

കേരളത്തില്‍ ജമാ അതിനെ പോലെ സംവാദ ക്ഷമത പുലര്‍ത്തുന്ന  ഏതു  വിഭാഗമുണ്ട്.  ജമാ അതിന്റെ വേദികളില്‍, പേജുകളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാന്‍  അവസരം ലഭിക്കാത്ത എത്ര 'വിവരമുള്ള'വരും ഷാനവാസുമാരുമുണ്ട് .  ചന്ദ്ര പിള്ള യാണ് ആണത്തം കാണിച്ചത്‌, ചര്‍ച്ച ആരുമായും നടത്തും. ആര്‍ എസ് എസുമായും, ചര്‍ച്ചകള്‍ ധാരണകളല്ല     

അരമനകളില്‍, സഭാ ആസ്ഥാനങ്ങളില്‍, മന്ദിരങ്ങളില്‍ കേന്ദ്രങ്ങളില്‍ രാവും പകലും കയറി ഇറങ്ങി കാല്‍ മുട്ട് തേഞ്ഞ മതേതര കോമാളികള്‍ക്ക്  എന്തേ ഇപ്പോള്‍  ഒരു ചെന്നിക്കുത്ത്? താങ്കളോടെ മാത്രം സംസാരിക്കാന്‍  താല്പര്യമില്ല എന്ന് തുറന്നു പറഞ്ഞത് കൊണ്ടുള്ള കേറുവാണോ ? മതേതരം അരമനകളില്‍, സഭാ ആസ്ഥാനങ്ങളില്‍, മന്ദിരങ്ങളില്‍ കേന്ദ്രങ്ങളില്‍  മാത്രം വിളയുന്ന പൂ കൃഷിയാണോ?. അല്ല ഈ ആദര്‍ശം എന്നത് അഴിമതി നടക്കുന്ന ഫ്ലാറ്റിന്റെ മാത്രം പേരാണോ.       

വാലില്ലാതെ : മുന്‍ മന്ത്രി  മുസ്തഫക്ക്   ബാലമാസിക യിലെ   കഥാ പാത്രവുമായി സാമ്യത കൈവരുന്നത് ഇന്ന് മാത്രമല്ല.   



   

2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

കാലം സാക്ഷി


രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് ചോദിച്ചാല്‍ അത് പച്ച മീനാണ്. സ്വര്‍ണ കടയില്‍ കിട്ടില്ല എന്ന് പറയുന്നവരെ മലയാളത്തില്‍ നവോര്‍ത്ഥനക്കാര്‍ എന്ന് വിളിക്കാമോ എന്ന് അറിയില്ല. മറ്റു വഴിയില്ലാത്തത് കൊണ്ട് തല്‍കാലം അങ്ങിനെ വിളിക്കാം. രാഷ്ട്രീയത്തില്‍ ചില മൂല്യ വിചാരങ്ങള്‍ ഉണ്ടാവണമെന്ന് ചില അഭിനവ നവോര്താനക്കാര്‍ക്ക്  മനസ്സില്‍ പൂതിയുണ്ട്. അത്  ഇടയ്ക്കിടെ വിക്കി വിക്കി  പറയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അക്ഷരങ്ങളില്‍ ഒതുങ്ങി കിടക്കും. എട്ടിലെ പശു പുല്ലു പോയിട്ട് പിണ്ണാക്ക്  വെള്ളം പോലും കുടിക്കില്ല. അല്ലെങ്കിലും  രാഷ്ട്രീയ ഉത്സവ നാളില്‍ സ്വന്തമെന്ന പദത്തിനു എന്തര്‍ത്ഥം   സ്വന്തം എന്ന് കരുതുന്ന വരൊക്കെ  രാഷ്ട്രീയപാര്‍ട്ടിക്കാരുടെ കീശയിലും ചുമലിലും ആണ് താമസം. അവിടെ നിന്ന് ഇറങ്ങി വരാന്‍ പറഞ്ഞാല്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നവരാന് അധികപേരും. അപ്പോള്‍ പിന്നെ രാഷ്ട്രീയ നേതാക്കളുടെ, പാര്‍ട്ടികളുടെ   വെള്ളം കോരികളും വിറകു വെട്ടികളും ആവുക. അവര്‍ക്കുവേണ്ടി    ചോറ്റു പട്ടാളമായി സ്വയം മാറുക , ചാവേറായി അങ്ങാടിയില്‍ സ്വയം പൊട്ടിത്തെറിക്കുക. അതാണ് ഇപ്പോഴത്തെ ജിഹാദ്. ‌ 

ഇതെന്താ പുകില്!  നാല് ചായയും അതില്‍ രണ്ടു വിതൌട്ടും പറയുന്ന പാവങ്ങളുടെ പിന്നാലെ പത്രക്കാരും ചാനലും രാഷ്ട്രീയ അതികായകന്മാരും. കാണാന്‍ നല്ല ചേലുണ്ട്.  സ്വന്തമായി ഒരു നയവും നിലപാട് തറയും ഉള്ളവരുടെ  അന്തസ്സ് ഒന്ന് വേറെത്തന്നെയാണ്. അവര്‍ ഏതു കൂലം കുത്തി ഒഴുക്കിലും പ്രതിരോധം തീര്‍ത്തു നില്‍ക്കും പാറക്കെട്ടുകള്‍ .  അതില്ലാത്തവര്‍ രാഷ്ട്രീയ കൊങ്ങന്‍ വെള്ളത്തില്‍ ഒലിച്ചു പോവുന്ന ചപ്പു ചവറുകള്‍.

 പാറക്കെട്ടുകള്‍ക്ക് ചരിത്രത്തില്‍ ചില നിയോഗങ്ങള്‍ ഉണ്ട്. അത് ചപ്പു ചവറുകള്‍ ക്ക് സാധ്യമാവാത്തതും. വോട്ടുകള്‍ വില്പന നടത്തില്ല. അത് ഇന്‍വെസ്റ്റ്‌ ചെയ്തു ലാഭം കാത്തിരിക്കില്ല. സ്വന്തം നിലപാടുകള്‍ ആരുടെ മുന്നിലും തുറന്നു പറയും, വോട്ടു കൊടുത്തു എന്ന് കരുതി വായ അടച്ചു പൂട്ടി മിണ്ടാതിരിക്കില്ല. നീതിക്കും ജന നന്മക്കും സന്തുലിത ജനപക്ഷ വികസനത്തിന്ന് വേണ്ടി ആരുമായും കലഹിക്കും. ഞങ്ങളെ സഹായിച്ചവരെ ഞങ്ങള്‍ സഹായിക്കും എന്ന പരസ്പര പുറം ചൊരിയല്‍ കര്‍മ്മ പരിപാടി അതിന്നു അന്യമാണ്. 

കക്ഷി രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക്‌ അത് പെട്ടെന്ന് മനസ്സിലാവില്ല. അങ്ങിനെ ഒരു പാട് വസ്തുതകള്‍ കാലം പിന്നീട് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്‌. നില്‍ക്കുന്ന തറയുടെ ചൂടും തണുപ്പും തിരിച്ചറിയുന്നവക്ക് ചരിത്രം അതിന്റെ ഖജനാവില്‍ പലതും പാത്തു വെക്കും.             





        

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു ബ്ലോഗി രോഗിയായി .....


ആറ്റു നോറ്റു കാത്തിരുന്ന  ജിദ്ദയിലെ ബ്ലോഗേര്‍സ് ആന്‍ഡ്‌ വായനേഴ്സ് സംഗമത്തില്‍ ഈ പഹയനെ പങ്കെടുക്കാന്‍ സമ്മതിക്കാത്ത ഒരു ഡോക്ടറുടെ കിരാത നടപടിയില്‍ എല്ലാവരും ആത്മാര്‍ഥമായി പ്രതിഷേധിക്കണം. പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അന്വഷിക്കണം.  സംഭവം ഇങ്ങിനെ.  എന്‍റെ ഇടതു പക്ഷ കാലില്‍  രണ്ടു മാസമായി അലട്ടികൊണ്ടിരുന്ന ഒന്നാം തിരുമുറിവ് അപ്പോത്തിക്കിരിയെ കാണിക്കാതെ ഇനിയും വിടില്ല എന്ന് നല്ല പാതി. ഇങ്ങിനെ യുള്ള മുറിവുകള്‍ ഭാവിയില്‍ ഒരു മഹാ രോഗമായി മാറിയ ചരിത്ര ജ്ഞാനത്തിന്‍റെ പിന്ബലത്തിലാണ്  പരിഭവം. ഡോക്ടറും ബാര്‍ബറും എന്നും എന്‍റെ പ്രതിപക്ഷത്ത് നില്‍കുന്നവര്‍. കാത്തിരിപ്പിന്‍റെ  ബോറന്‍ നിമിഷങ്ങള്‍ സമ്മാനിക്കുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്ന, എന്നാല്‍  ബദല്‍ സംവിധാനതിന്നു വഴിയില്ലാത്ത ഉന്നത വിഭാഗം.

മലയാളി ഡോക്ടര്‍ വേണ്ട, തിരക്ക് കൂടും, മീറ്റില്‍ എത്തണം, ബ്ലോഗ്‌ ലോകത്തെ മഹാ സുല്‍ത്താന്‍ മാരെ കണ്‍ കുളിര്‍ക്കെ കാണണം.എന്‍റെ ഭാഷാ വിവരത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒരു ഹിന്ദി കാരനെ കണ്ടു.
ഷുഗര്‍ ഉണ്ടോ ?
ഇല്ല 
പാരമ്പര്യമായി മാതാ പിതാ.
ഉണ്ട് 
ചെക്ക് ചെയ്യണം 
റിസള്‍ട്ടുമായി ഓടിയെത്തി 
ഇല്ല  നോര്‍മല്‍ 
വേഗം മരുന്ന് എഴുതൂ ഡോക്ടര്‍.....
വീണ്ടും തിരുമുറിവ് നോക്കി അയാള്‍ പ്രഖ്യാപിച്ചു.  എക്സ് റേ എടുക്കണം. 
പടച്ചോനെ... വീണ്ടും ഓടി. ബില്‍, വിരടയാളം, ഒപ്പുശേഖരണം തുടങ്ങിയ  കടമ്പകള്‍. 
സാര്‍ ഇതാ എന്‍റെ ബ്ലോഗ്‌. കയ്യിലെ കവര്‍ ഡോക്ടറുടെ മേശമേല്‍ വച്ചു.
തിരിച്ചും മറിച്ചും നോക്കി, ഒരു പ്രശ്നവുമില്ല എന്ത് കൊണ്ടാണ് സുഖമാവാത്തത്. ഡോക്ടര്‍ എന്നോട് ചോദിക്കുന്നു. ശരിയാ വാദി പ്രതിയാവുന്ന കാലമാണ്. 'അറിയില്ല ഡോക്ടര്‍' 
എങ്കില്‍ ഒരു മൈനര്‍  കൈക്രിയ നടത്താം. 
...... ഇതെന്താ അച്ചുമാമന്‍ മന്ത്രിസഭ കണക്കെ അവസാന നിമിഷ പ്രഖ്യാപനങ്ങള്‍. 
സാര്‍ ഇപ്പോള്‍ തന്നെ വേണോ നാളെ വരാം
എന്താ തടസ്സം ?
എനിക്ക് മീറ്റില്‍ പങ്കെടുക്കണം,
എന്ത് മീറ്റ്‌ 
ബ്ലോഗ്‌ മീറ്റ്....‌  ആപ് കോ നഹീം മാലൂം  മലയാളം ന്യൂസ്‌ , ഗള്‍ഫ് മാധ്യമം,  കാരാടന്‍, ഇരിങ്ങാട്ടിരി  .. ഒന്നും അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല, ഓ ..ഒരു മലയാളി ഡോക്ടറെ കാണിക്കാമായിരുന്നു  
സാര്‍ 
യെസ് 
ഞാന്‍ ഒരു ബ്ലോഗിയാണ്.
ഡോക്ടര്‍ 'എന്‍റെ കണ്ണില്‍ നീ വെറുമൊരു രോഗിയാണ്'.
ഉം .....കലാ സാഹിത്യ ബോധമില്ലാത്ത ഡോക്ടര്‍ , സ്മാരകശിലകള്‍ എഴുതിയ പുനത്തില്‍ കുഞ്ഞബ്ദുള്ള യെ കുറിച്ച് ഇയാള്‍ക്ക് അറിയുമോ.

വേദന നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ ക്ക് വഴിമാറി കൊടുത്തു. 
 മരുന്ന് , പരലോകം ഇവ നോവലുകളുടെ പേരുകള്‍  മാത്രമല്ല  എന്നറിഞ്ഞു.
'രണ്ടു ദിവസത്തേക്ക്  മെഡിക്കല്‍ ലീവ് എഴുതിതരാം' ഡോക്ടര്‍ മൊഴിഞ്ഞു.
വൈക്കം ബഷീറിന്റെ മതിലിലെ അവസാന വാചകം ഓര്‍മയിലെത്തി.   
ഹു വാണ്ട്‌ .........
എല്ലാം കഴിഞ്ഞു കാലില്‍ ഒരു വലിയ കെട്ടുമായി പുറത്തിറങ്ങിയപ്പോള്‍ സമയം പതിനൊന്നു മണി കഴിഞ്ഞു അര മണിക്കൂര്‍.
എല്ലാ ബ്ലോഗികളും ഇപ്പോള്‍ മെനുവിന്നു മുമ്പില്‍ യോഗി കളാ മാറിയിരിക്കും.  അവര്‍ക്ക് മനസ്സാ ഐക്യം പ്രഖ്യാപിച്ചു. 
ഏതു പോലീസുകാരനും ആത്മ കഥ എഴുതുന്ന കാലത്ത് ഇതും കൂടി അക്ഷര ലോകം സഹിക്കട്ടെ. ഇങ്ങിനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതിയല്ലേ പ്രസിദ്ധമായ ഗോഡ് ഓഫ് സ്മാള്‍ തിന്ഗ്സുകള്‍ ഉണ്ടാവുന്നത്  .      
         

         
 



2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

ബ്ലോഗ്‌ ലോകത്ത് ചരിത്രം ആവര്‍ത്തിക്കുന്നു

ബ്ലോഗിസം എന്ന പദം ബൂലോകത്തെ ഓക്സ് ഫോര്‍ഡ് ശബ്ദ താരാവലിയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് തൊണ്ടി സഹിതം കണ്ടെടുത്തതാണ് പഴയ എസ് ആകൃതിയിലുള്ള കത്തിപോലെ. അതുകൊണ്ട് തന്നെ ഭൂലോകത്ത് ജീവിക്കുന്നവര്‍ക്കോ ജീവിച്ചു എന്ന് വാദിക്കുന്നവര്‍ക്കോ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ഇതുമായി ബന്ധമില്ല.  ബന്ധമില്ല എന്ന് പറഞ്ഞിട്ടും ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് തികച്ചും വായനക്കാരന്‍റെ കുറ്റം. സിനിമാകാരുടെ ഭാഷയില്‍ ഇത് തികച്ചും വിത്യസ്തമായ ഒരു ഭയങ്കര ന്യൂതന വിഷയം.   ഇതുവരെ ഞാന്‍ എന്ന മഹാന്‍ എഴുതാന്‍ മനസ്സില്‍ കോറിയിട്ട അഥവാ ഉദ്ദേശിച്ചിട്ടുള്ള ആയിര കണക്കിനു പ്രമേയങ്ങളില്‍  നിന്നും തീര്‍ത്തും വിത്യസ്തമാണ് ഈ ബ്ലോഗ് വിഷയം.  അല്ലെങ്കിലും ഈ  ആവിഷ്കാരത്തിന്റെ സ്വന്തം നാട്ടില്‍ എഴുത്തുകാര്‍ക്ക് എന്തു കുറ്റം.

തായാലും ബ്ലോഗ്‌  ലോകം  പ്രവിശാലമാണ്. എലി മാളത്തെ വെല്ലുന്ന വിശാലത. അവിടെ ഓരോരുത്തരും രാജാക്കന്മാര്‍, വെറും രാജാവല്ല. കിരീടം ധരിച്ച്  സിംഹാസനത്തില്‍ അഹങ്കാരപൂര്‍വ്വം ആസനം പൂണ്ട  മഹാ രാജാവ്. ആരവിടെ എന്ന് ചോദിച്ചാല്‍ ആയിരങ്ങള്‍ പോയിട്ട് സ്വന്തം മകള്‍ പത്മജ  പോലും  ഓടി വരാത്ത കൊട്ടാരം ഓരോ ബ്ലോഗര്‍മാരും സ്വന്തമാക്കി വച്ചിട്ടുണ്ട്. അതിന്‍റെ പട്ടയം രവീന്ദ്രന്മാരുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ചതാണ്. എന്നാലോ ശാന്തി മഠം വില്ല സ്വന്തമാക്കി എന്നാണ് ഓരോത്തരും വിചാരപ്പെടുന്നത് പിന്നെ അഹങ്കരിക്കുന്നതും .

ഇനി ബൂലോകത്തെ  വിഭവമോ ആരോട് ഞാന്‍ ചൊല്ലേണ്ടു പരാതി. കോഴി ബിരിയാണി തരാം എന്ന് വീമ്പിളക്കി വിളമ്പി കൊടുക്കന്നത്‌  പഴങ്കഞ്ഞി. അത് ഊതി കുടിക്കണം എന്ന് ബോര്‍ഡ് വക്കും ,  എന്തും എഴുതും ഇത് പോലെ,  എന്നാല്‍ എഴുത്തിന്റെ ആത്മ രതി അവിടെ തീരില്ല. ഒറ്റകയ്യന്‍ ഗോവിന്ദസാമിയെ പോലെ സൌമ്യെയെ തോളിലേറ്റി ചാടി വീഴും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക്.  മാത്രമോ അതിന്നു സക്കര്‍ ബര്‍ഗിന്റെ ഇമ്മിണി ബല്ല്യ ദുന്യാവ്‌ വേറെയുണ്ടല്ലോ പ്രവിശാലം ഗള്‍ഫു മലയാളിയുടെ വീട് പോലെ. അവിടേക്ക് മൂട്ടില്‍ തീ കൊളുത്തി പറത്തി വിട്ടാല്‍ പിന്നെ എഫ് ബി  അങ്ങാടിയില്‍ കൂടി ഒരു പണിയുമില്ലാതെ അലഞ്ഞു നടക്കുന്ന ഏതെങ്കിലും വൈറ്റ് കോളര്‍ ആടുകള്‍ മണത്തു നോക്കി വരും. അവരുടെ നിര്‍ലോഭ ലൈക് കിട്ടിയാല്‍  ബഹു ജോര്‍ ഞാനാരാ മോന്‍ എന്ന് മനസ്സില്‍ വെറുതെ തോന്നും. ബേപ്പൂര്‍ സുല്‍ത്താന്റെ സര്‍ഗശക്തിയുടെ മിന്നലാട്ടം എന്‍റെ (വി)കൃതിയില്‍ ഉണ്ടെന്നു ഞാന്‍ തന്നെ കൃഷ്ണ നായരുടെ മരണ ശേഷം നിരൂപണം നടത്തിയിട്ടുണ്ട്.

ബ്ലോഗ്‌ ലോകത്തുള്ളവര്‍  കേരള രാഷ്ട്രീയം  പോലെ ഗ്രൂപ്പ് കളിക്കാരോന്നുമല്ല. അവര്‍ ടുണീഷ്യ യിലെ ബൂ അസീസിനെ പോലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരാണ്. മിസ്രികളെ പോലെ പതിറ്റാണ്ട് പരിചയ മുള്ള ഭരണാധികാരികളെ വെറും പതിനെട്ടു ദിനം കൊണ്ട് തോളില്‍ മാറാപ്പു കേറ്റും.   ചുളുക്കി പറഞ്ഞാല്‍  അവര്‍ പരസ്പരം മെയില്‍ വഴി തര്‍ക്കിച്ചു അവരതിനു ചര്‍ച്ച എന്നോ ചാറ്റ് എന്നോ  പേരിട്ടു.  പിന്നെ അവര്‍ ഒരുമിച്ചു കൂടി ചായ കുടിച്ചു,ചോറ് തിന്നു കാണും , പ്രായോജകര്‍ ജാഗ്രതൈ , കല്യാണം വിളിച്ചും തക്കാരം നടത്തിയും മുന്നോട്ടു പോകും. പരസ്പരം പുറം ചൊറിയും അവാര്‍ഡ് വാങ്ങി കൊടുത്ത്, കൊടുത്ത് വാങ്ങി അതിനിടയില്‍  ആരും കാണാതെ ഒരാള്‍ മറ്റൊരാളെ തോണ്ടും പിന്നെ മാന്തും മാന്തിയവനെ ചവിട്ടും ചവിട്ടിയവനെ തെറിവിളിക്കും പുറത്താക്കും അവന്‍ വേറൊരു കൂട്ടായ്മ ക്ക് രൂപം കൊടുക്കും. ഇത് ആവര്‍ത്തിക്കും കാരണം ചരിത്രം ഒരു ചുറ്റുകോണി യാണെന്ന് ലീഗുകാരനല്ലാത്ത ഒരു മഹാന്‍ പറഞ്ഞു വച്ചിട്ടുണ്ട്.     

ഇപ്പോള്‍  സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ ഭൂലോകത്തും നടക്കാറുള്ളത് എന്ന് അതാണ്‌  പണ്ടൊരു മനീഷി പറഞ്ഞത്   സകല ബുദ്ധിമാന്‍ മാരും  ഒരു പോലെ ചിന്തിക്കുന്നു എന്ന്.
(ഈ പോസ്റ്റിന്നു  പിന്നിലോ മുന്നിലോ ബ്ലാക്ക്‌ മയില്‍ പ്രവര്‍ത്തിച്ചിട്ടില്ല അത് കൊണ്ട് മാന ഹാനിക്ക് രണ്ടു കോടി ചോദിച്ചു കേസ് കൊടുക്കരുത്)